Kerala
വയനാടിനെ വിറപ്പിച്ച നരഭോജി കടുവ കൂട്ടിലായി
കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്.
സുൽത്താൻ ബത്തേരി | വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പത്ത് ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് കടുവയെ തളയ്ക്കാനായത്. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപമാണ് കെണി ഒരുക്കിയിരുന്നത്.
വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് പിടിയിലായത്. 6 ക്യാമറകളുമായി 80 പേരടങ്ങുന്ന വനംവകുപ്പ് സംഘമാണ് കടുവയ്ക്കായി തിരിച്ചിൽ നടത്തിയിരുന്നത്.
അതേസമയം, ഒരു ജീവനെടുത്ത കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധത്തിലാണ്. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയനാട്ടിൽ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. യുവാവിനെ കാണാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചു പോയപ്പോഴാണ് വലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു.