National
സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്റെ കൈ ഒടിക്കും: സുപ്രിയ സുലെ
പുരുഷന്‍ സ്ത്രീയെ ആക്രമിക്കുന്നത് മറാത്തി സംസ്‌കാരത്തിന് ചേര്‍ന്നതല്ല
മുംബൈ | പൂനെയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ എന്‍ സി പി വനിതാ അംഗത്തെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായ സുപ്രിയ സുലെ എം പി. മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് സുപ്രിയ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദര്‍ശനത്തിനിടെ പാചകവാതക സിലിണ്ടറിലുള്ള വില വര്‍ധനവിനെതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ എന്‍ സി പി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴായിരുന്നു ബി ജെ പി ആക്രമണം.
സ്ത്രീകളെ എന്നും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കര്‍, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണിത്. സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാന്‍ ഇനി ഏതെങ്കിലും പുരുഷന്‍ കൈ ഉയര്‍ത്തിയാല്‍, അവിടെ പോയി ഞാന്‍ തന്നെ അവനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അവന്റെ കൈ ഒടിച്ച് അവനെ തന്നെ ഏല്‍പ്പിക്കുകയും ചെയ്യും- സുപ്രിയ പറഞ്ഞു. ഒരു പുരുഷന്‍ സ്ത്രീയെ ആക്രമിക്കുന്നത് മറാത്തി സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.