National
മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നയാള്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു
മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കായി മാറ്റിയപ്പോള്‍ ബന്ധുക്കളാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

ലക്‌നൗ | മോര്‍ച്ചറിയില്‍ നിന്ന് ജീവനോടെ ‘തിരിച്ചെത്തിയ’ ആള്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് രക്ഷപ്പെട്ട ശ്രീകേഷ് കുമാര്‍ എന്നയാളാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ബൈക്ക് അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളെ മരിച്ചതായി വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഏഴു മണിക്കൂറുകള്‍ക്ക് ശേഷം പോസ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കുമ്പോഴാണ് മരിച്ചിട്ടില്ലെന്ന് വ്യക്തമായത്.
മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കായി മാറ്റിയപ്പോള്‍ ബന്ധുക്കളാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. അവര്‍ ഉടന്‍ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ചികിത്സക്കിടെയാണ് മരിച്ചത്.