Kerala
കൊച്ചിയില്‍ യുവതിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
2022 ഡിസംബര്‍ മൂന്നിനാണ് കലൂര്‍ ആസാദ് റോഡില്‍ വച്ച് ബംഗാള്‍ സ്വദേശിനിയായ സന്ധ്യയെ ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്
കൊച്ചി | യുവതിയെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റുചെയ്തു. കേസിലെ പ്രതിയായ ഫാറൂഖിനെ ഗോവയില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. 2022 ഡിസംബര്‍ മൂന്നിനാണ് കലൂര്‍ ആസാദ് റോഡില്‍ വച്ച് ബംഗാള്‍ സ്വദേശിനിയായ സന്ധ്യയെ ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്.
ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ സന്ധ്യയുടെ മുന്‍ സുഹൃത്താണ് പ്രതിയായ ഫാറൂഖ്. നേരത്തെ കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു . എന്നാല്‍ ഒരിക്കല്‍ ഫാറൂഖ് നാട്ടില്‍ പോയി വന്നപ്പോള്‍ സന്ധ്യയെ കണ്ടില്ല. തുടര്‍ന്ന് സുഹൃത്തിനൊപ്പം നടന്ന് വരികയായിരുന്ന സന്ധ്യയെ ഫാറൂഖ് സ്‌കൂട്ടറിലെത്തി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പ്രതിയായ ഫാറൂഖ് കൈയില്‍ കരുതിയ വെട്ടുകത്തി കൊണ്ടാണ് സന്ധ്യയെ വെട്ടിയത്. സന്ധ്യയുടെ ഇടത് കൈക്കും പുറത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. ഫാറൂഖുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് സന്ധ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി നോര്‍ത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഗോവയിലേക്ക് കടന്ന പ്രതി അവിടെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്.