National
ഓടുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ഗുവാഹത്തിയിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കവെയാണ് യാത്രക്കാരൻ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചത്.
അഗർത്തല | ഓടുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ അഗർത്തലയിലെ ജിരാനിയ സ്വദേശി ബിശ്വജിത് ദേബ്‌നാഥ് (41) നെയാണ് ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്. ഗുവാഹത്തിയിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കവെയാണ് ഇയാൾ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
ഹൈദരാബാദിൽ നിന്ന് ഗുവാഹത്തി വഴി അഗർത്തലയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ 6E457 വിമാനത്തിൽ സീറ്റ് നമ്പർ 1 ഡിയിലെ യാത്രക്കാരനായിരുന്നു ബിശ്വജിത്. വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുമ്പോൾ ഇയാൾ പെട്ടെന്ന് വാതിലിനടുത്തേക്ക് ഓടിച്ചെന്ന് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഇതോടെ ഇയാൾ ക്ഷുഭിതനാവുകയും വാതിലിന്റെ ഹാൻഡിലിൽ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവനക്കാരും യാത്രക്കാരും ചേർന്ന് കീഴ്‍പ്പെടുത്തി.
വിമാനത്തിനുള്ളിൽ വെച്ച് ഇയാൾക്ക് ശക്തമായ മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിമാനം ലാൻഡ് ചെയ്ത ശേഹം സിഐഎസ്എഫിന് കൈമാറുകയായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബിശ്വജിത് മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വിമാനത്തിനുള്ളിലെ സംഘർഷത്തിനിടെ ക്രൂ ടീം ലീഡർ ചന്ദ്രിമ ചക്രവർത്തിക്കും കൂട്ടാളി മനീഷ് ജിൻഡാലിനും പരിക്കേറ്റതായും പോലീസ് പറഞ്ഞു.