Connect with us

Kerala

ഹോസ്റ്റലിലെ ആത്മഹത്യ: വിദ്യാർഥിനിയുടെ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിൻ്റെ പാടുകൾ കണ്ടെത്തി

ഇൻക്വസ്റ്റ് നടപടിയിലാണ് ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയത്

Published

|

Last Updated

കൊച്ചി|എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകൾ കണ്ടെത്തി. മുറിവിന്റെ ചിത്രങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തോ എന്ന സംശയത്തിലാണ് പോലീസ്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഹോസ്റ്റലിൽ ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റയാണ് മരിച്ചത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

രാവിലെ ഏഴ് മണിയോടെ സമീപത്തുണ്ടായിരുന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പിന്നീട് കുറുപ്പംപടി പോലീസ് സംഭവസ്ഥലത്തെത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ഇൻക്വസ്റ്റ് നടപടിയിലാണ് വിദ്യാർഥിയുടെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയത്.

മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലുള്ള വിവരമാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest