Kerala
വിവാഹാഭ്യർഥന നിരസിച്ചു; കെ എസ് ആർ ടി സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം
ഗൂഡല്ലൂർ സ്വദേശിനിയായ യുവതിക്കാണ് കുത്തേറ്റത്.
മലപ്പുറം | വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് സഞ്ചരിക്കുന്ന ബസിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഗൂഡല്ലൂർ സ്വദേശിനിയായ യുവതിക്കാണ് മലപ്പറം വെന്നിയൂരിൽ വെച്ച് കുത്തേറ്റത്. കോട്ടയത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന സനിൽ എന്നയാളാണ് ആക്രമിച്ചത്. പിന്നാലെ ഇയാൾ സ്വയം കഴുത്തറുത്ത് ആത്മഹത്യാ ശ്രമവും നടത്തി.
ഭാര്യയും കുഞ്ഞുമുള്ള പ്രതി ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ യുവതി ഇത് നിരസിച്ചു. അങ്കമാലിയിൽ നിന്ന് കയറിയ യുവതിയും എടപ്പാളിൽ വെച്ച് കയറിയ പ്രതിയും ഒരുമിച്ചായിരുന്നു ബസ്സിൽ ഇരുന്നിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ തർക്കം മൂർച്ഛിച്ചതോടെ ബസ് കണ്ടക്ടർ ഇടപെട്ട് ഇവരെ വേറെ ഇരിപ്പിടങ്ങളിലേക്ക് മാറ്റിയിരുന്നു.
ബസ്സിൽ ലൈറ്റ് അണച്ചതോടെ വെന്നിയൂരിൽ എത്തിയതിനു പിന്നാലെ കയ്യിൽ കരുതിയ കത്തി കൊണ്ട് പ്രതി യുവതിയുടെ നെഞ്ചിലേക്ക് കുത്തുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഹോം നഴ്സായാണ് യുവതി ജോലി ചെയ്യുന്നത്.
സ്വയം കഴുത്തറുത്ത പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.