Connect with us

Articles

കൂട്ടക്കുരുതി തുടരണം; ട്രംപിനും നെതന്യാഹുവിനും

ഹമാസ് കൈമാറിയ ബന്ദികളും ഇസ്‌റാഈല്‍ വിട്ടയച്ച തടവുകാരും സ്വന്തം നാടുകളില്‍ തിരിച്ചെത്തുന്നതിന്റെ വൈകാരിക നിമിഷങ്ങളാല്‍ സമ്പന്നമായിരുന്നു ഒന്നാം ഘട്ട വെടിനിര്‍ത്തല്‍കാലം. ശേഷിക്കുന്ന 59 പേരെ നാട്ടിലെത്തിക്കാന്‍ ഈ പ്രക്രിയ തുടരണമെന്ന് ഇസ്‌റാഈലിലെ ഹോസ്റ്റേജസ് ഫാമിലീസ് ഫോറം ആവശ്യപ്പെട്ടു. എന്നാല്‍ നെതന്യാഹുവും സംഘവും ആ വഴിക്കല്ല ചിന്തിച്ചത്. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ടും വെസ്റ്റ് ബാങ്കില്‍ അക്രമം അഴിച്ചുവിട്ടും അവര്‍ സംഘര്‍ഷത്തുടര്‍ച്ചക്ക് കോപ്പു കൂട്ടി.

Published

|

Last Updated

വിശുദ്ധ റമസാനില്‍ ഫലസ്തീനികള്‍ക്ക് മേല്‍ മരണം വിതക്കുകയെന്ന ക്രൂരത ഇത്തവണയും ഇസ്‌റാഈല്‍ ആവര്‍ത്തിച്ചിരിക്കുന്നു. വടക്കന്‍, മധ്യ, ദക്ഷിണ ഗവര്‍ണറേറ്റുകളിലെ വിവിധയിടങ്ങളില്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) നടത്തിയ വ്യോമാക്രമണങ്ങളില്‍ നാനൂറിലേറെപ്പേര്‍ മരിച്ചു വീണിരിക്കുന്നു. കുഞ്ഞുങ്ങള്‍, ഉമ്മമാര്‍, യുവാക്കള്‍. എല്ലാവരും നിരായുധര്‍. ഇവരിലാരാണ് ഹമാസ്? ആരാണ് ഹമാസല്ലാത്തത്? വംശഹത്യക്ക് താത്കാലിക വിരാമം കുറിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഒന്നാം ഘട്ടത്തിന് അപ്പുറത്തേക്ക് പോകാതെ ഒടുങ്ങിയെന്നതാണ് ഈ ആക്രമണത്തിന്റെ വലിയ ദുരന്തം. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനാനിരതരായി കഴിയുന്ന മനുഷ്യര്‍ക്ക് മേല്‍ ബലപ്രയോഗം നടത്തി സംഘര്‍ഷം സൃഷ്ടിക്കുകയും അതിന്റെ തുടര്‍ച്ചയായി കൂട്ടക്കുരുതി നടത്തുകയുമാണ് വിശുദ്ധ മാസത്തില്‍ സയണിസ്റ്റുകള്‍ ചെയ്യാറുണ്ടായിരുന്നത്. ഇത്തവണ ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ പേരുകള്‍ മതിയായിരുന്നു ഇത്രയും മനുഷ്യരെ കൊല്ലാന്‍, ഇനിയും കൊലപാതകം തുടരാന്‍.

വെടിനിര്‍ത്തല്‍ ലംഘനം ഇസ്‌റാഈലിന്റെ സ്ഥിരം പരിപാടിയാണ്. ലബനാനില്‍ ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷവും നിരന്തരം ആക്രമണം തുടരുകയാണ്. ഗസ്സാ ആക്രമണത്തില്‍ നിന്ന് തത്കാലം പിന്‍വാങ്ങിയപ്പോള്‍ വെസ്റ്റ് ബാങ്കില്‍ കൂട്ടക്കുരുതി തുടരുകയായിരുന്നു സയണിസ്റ്റ് സൈന്യം. സമ്പൂര്‍ണ യുദ്ധവിരാമം നെതന്യാഹുവിന് ഒരിക്കലും അംഗീകരിക്കാനാകില്ല. ആക്രമണം അവസാനിക്കുകയും രാജ്യം വാര്‍ കാബിനറ്റിന്റെ സ്വേച്ഛാഭരണത്തില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്താല്‍ പൗരസമൂഹം അതിശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് നെതന്യാഹുവിനറിയാം. ഈ സര്‍ക്കാര്‍ നടത്തിയ സര്‍വ യുദ്ധക്കുറ്റങ്ങളും തെരുവില്‍ ചോദ്യം ചെയ്യപ്പെടും. അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ കേസുകളും കോടതികള്‍ വിചാരണക്കെടുക്കും. ഒരു സുപ്രധാന കേസില്‍ വിചാരണ പുനരാരംഭിക്കാനുള്ള ദിവസമായിരുന്നു ഇന്നലെ. അതേദിവസം തന്നെ കൂട്ടക്കുരുതിക്ക് തിരഞ്ഞെടുത്തു. “അത്യപൂര്‍വ സാഹചര്യം’ ചൂണ്ടിക്കാട്ടി കോടതിയില്‍ സാവകാശ ഹരജിയും നല്‍കി. കുഞ്ഞുങ്ങളുടെ ചോരപ്പശയിലാണ് ഈ സിംഹാസനമിരിക്കുന്നത്.

യുദ്ധം നിലച്ചാല്‍ യു എസില്‍ നിന്നടക്കമുള്ള ഫണ്ട് വരവ് നിലക്കും. അതുകൊണ്ട് ആക്രമണം തുടര്‍ന്നേ തീരൂ. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാതെ ഗസ്സ വിടുന്നതിലുള്ള ജാള്യം മറയ്ക്കാനാണ് ബന്ദി കൈമാറ്റം സുപ്രധാന ഉള്ളടക്കമായ വെടിനിര്‍ത്തല്‍ കരാറിന് നെതന്യാഹു തയ്യാറായത്. എന്നാല്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടത്തിലേക്ക് പോകാന്‍ ജൂത രാഷ്ട്രം സന്നദ്ധമാകില്ലെന്ന് അന്നേ വിലയിരുത്തപ്പെട്ടതാണ്. അതുതന്നെ സംഭവിച്ചിരിക്കുന്നു. ഒരു ഐ ഡി എഫ് കമാന്‍ഡര്‍ പറയുന്നത് കേട്ടു: “ഞങ്ങള്‍ക്ക് നല്ല വിശ്രമം കിട്ടി. ആയുധങ്ങളും സംവിധാനങ്ങളും അറ്റകുറ്റപ്പണി നടത്തി. ഞങ്ങള്‍ വര്‍ധിത വീര്യം കൈവരിച്ചിരിക്കുന്നു’. ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘം ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ- ഇസ്‌റാഈല്‍ പ്രതിരോധ സേന.

എന്തുകൊണ്ട് കരാര്‍ ലംഘനം
യു എസിന്റെ മുന്‍കൈയില്‍, ഈജിപ്ത്, ഖത്വര്‍ എന്നിവയുടെ മാധ്യസ്ഥ്യത്തില്‍ നിലവില്‍ വന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തലാണ് വിഭാവനം ചെയ്തത്. മാര്‍ച്ച് ഒന്നിന് ആ ഘട്ടം പൂര്‍ത്തിയായി. രണ്ടാം തീയതി മുതല്‍ ഗസ്സക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുക വഴി, അടുത്ത ഘട്ടത്തിലേക്ക് പേകാന്‍ സന്നദ്ധമല്ലെന്ന് ഇസ്‌റാഈല്‍ പരോക്ഷമായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഹമാസ് കൈമാറിയ ബന്ദികളും ഇസ്‌റാഈല്‍ വിട്ടയച്ച തടവുകാരും സ്വന്തം നാടുകളില്‍ തിരിച്ചെത്തുന്നതിന്റെ വൈകാരിക നിമിഷങ്ങളാല്‍ സമ്പന്നമായിരുന്നു ഒന്നാം ഘട്ട വെടിനിര്‍ത്തല്‍കാലം. ഹമാസ് കസ്റ്റഡിയില്‍ കഴിഞ്ഞ കാലത്തെ നിര്‍ഭയത്വവും അന്തസ്സും ഇസ്‌റാഈല്‍ ബന്ദികള്‍ നാട്ടില്‍ ചെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറഞ്ഞു. ശേഷിക്കുന്ന 59 പേരെ നാട്ടിലെത്തിക്കാന്‍ ഈ പ്രക്രിയ തുടരണമെന്ന് ഇസ്‌റാഈലിലെ ഹോസ്റ്റേജസ് ഫാമിലീസ് ഫോറം ആവശ്യപ്പെട്ടു. എന്നാല്‍ ചോരക്കൊതി മാറാത്ത നെതന്യാഹുവും സംഘവും ആ വഴിക്കല്ല ചിന്തിച്ചത്. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ടും വെസ്റ്റ് ബാങ്കില്‍ അക്രമം അഴിച്ചുവിട്ടും അവര്‍ സംഘര്‍ഷത്തുടര്‍ച്ചക്ക് കോപ്പു കൂട്ടി. ഇതോടെ ജൂതരാഷ്ട്രത്തിലെ നേര്‍ബുദ്ധിയുള്ള മനുഷ്യര്‍ തെരുവിലിറങ്ങി. പക്ഷേ, ഒന്നും ചെവികൊള്ളാന്‍ നെതന്യാഹു തയ്യാറായില്ല. ഒടുവിലിതാ ഒന്നാം ഘട്ടം പിന്നിട്ട് 17 ദിവസം കഴിയുമ്പോള്‍ അടക്കിപ്പിടിച്ച മുഴുവന്‍ ക്രൗര്യവും കുഞ്ഞുങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കുന്നു.

അവശേഷിക്കുന്ന ബന്ദികളെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഈ ആക്രമണമെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. അതിനായി 30-40 ദിവസം നീളുന്ന പുതിയൊരു കരാർ വേണമെന്നും വാദിച്ചു. അത് വിശ്വസിക്കാന്‍ ബന്ദികളുടെ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന് പോലും അത് ബോധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം, കരാറിന്റെ രണ്ടും മൂന്നും ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സ്വാഭാവികമായും ബന്ദികളുടെ കാര്യത്തില്‍ ഹമാസ് മറുപടി പറയേണ്ടി വരുമായിരുന്നു. ബന്ദികളുടെ മോചനത്തിലേക്കുള്ള യഥാര്‍ഥ വഴിയായിരുന്നു ഒറിജിനല്‍ വെടിനിര്‍ത്തല്‍ കരാര്‍. ഹോസ്റ്റേജ് ഫാമിലീസ് ഫോറം പുറത്തിറക്കിയ പ്രസ്താവനയിലെ നിരാശയും വേദനയും ഈ സത്യം വിളിച്ചു പറയുന്നുണ്ട്. എക്‌സില്‍ പോസ്റ്റ് ചെയ്ത ആ പ്രസ്താവന ഇങ്ങനെ വായിക്കാം: “ഇസ്‌റാഈല്‍ കുടുംബങ്ങളുടെയും ബന്ദികളുടെയും പൗരന്മാരുടെയും ഏറ്റവും വലിയ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു. ബന്ദികളെ ഉപേക്ഷിക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിനുള്ള പ്രക്രിയ മനപ്പൂര്‍വം തടസ്സപ്പെടുത്തിയത് വലിയ ഞെട്ടലുണ്ടാക്കുന്നു. ഞങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ഭയമുണ്ട്. അവസാന ബന്ദിയും തിരിച്ചെത്തുന്നതിനു മുമ്പ് ആക്രമണത്തിലേക്ക് മടങ്ങുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക? അതൊരിക്കലും ബന്ദിയാക്കപ്പെട്ടവര്‍ക്കല്ല’.

രാഷ്ട്രീയമുണ്ട്
കരാറിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സൈനിക പിന്‍മാറ്റത്തിന്റെതും ഗസ്സയുടെ പുനര്‍നിര്‍മാണത്തിന്റേതുമായിരുന്നു. ഗസ്സയെ രണ്ടായി പിളര്‍ക്കുകയും മാനുഷിക സഹായങ്ങളുടെ വരവ് തടയുകയും ചെയ്യുന്ന നെറ്റ്‌സാരിം സൈനിക കോറിഡോറില്‍ നിന്നും റഫാ അതിര്‍ത്തിയോട് ചേര്‍ന്ന ഫിലാഡല്‍ഫി കോറിഡോറില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കരാര്‍ നിഷ്‌കര്‍ഷിക്കുന്നു. ലോക രാജ്യങ്ങളാകെ കൈകോര്‍ക്കുന്ന പുനര്‍നിര്‍മാണത്തില്‍ ഇസ്‌റാഈല്‍ തടസ്സങ്ങളുണ്ടാക്കാതിരിക്കുകയും വേണം. ഈ രൂപത്തില്‍ കരാര്‍ നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തവരാണ് നെതന്യാഹു സര്‍ക്കാറിലെ തീവ്രവലതുപക്ഷ, സയണിസ്റ്റ് ഗ്രൂപ്പുകള്‍. വെടിനിര്‍ത്തല്‍ ഈ രൂപത്തില്‍ നിലവില്‍ വന്നാല്‍ മന്ത്രിസഭ വിടുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന തീവ്ര സയണിസ്റ്റ് നേതാവ് ഇതാമിര്‍ ബെന്‍ ഗിവിര്‍ പറഞ്ഞത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഈ ഗ്രൂപ്പുകളുടെ പിന്തുണ നെതന്യാഹുവിന് അനിവാര്യമാണ്.
ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണച്ചുവെന്ന് ആരോപിച്ച് നിരവധി ഉന്നത ഉദ്യോഗസ്ഥരെ നെതന്യാഹു ഭരണകൂടം തരംതാഴ്ത്തുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും വന്നിരുന്നു. ഈയിടെ നടന്ന സര്‍വേകളെല്ലാം ഹമാസുമായുള്ള ഒറിജിനല്‍ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണക്കുന്നതായിരുന്നു. എന്നാല്‍ നെതന്യാഹു പ്രചരിപ്പിച്ചത്, ഈ കരാറിന് വഴങ്ങിയാല്‍ ഹമാസ് കൂടുതല്‍ ശക്തമാകുമെന്നും ഗസ്സയുടെ ഭരണം ഹമാസിന്റെ കൈയില്‍ ഭദ്രമാകുമെന്നുമായിരുന്നു. 2023 ഒക്ടോബർ ഏഴിലെ പ്രത്യാക്രമണം സൃഷ്ടിച്ച ഹമാസ്‌വിരുദ്ധത ഇപ്പോഴും ഉദിച്ചു നില്‍ക്കുന്നതിനാല്‍ നെതന്യാഹുവിന്റെ ഈ പ്രചാരണം ചില ചലനങ്ങളുണ്ടാക്കി. സിവിലിയന്‍ ഉദ്യോഗസ്ഥരെ ഹമാസ് നിയോഗിച്ചതും പരിശീലന സെഷനുകള്‍ ആരംഭിച്ചതും നേതാക്കളുടെ വിദേശ സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം കൊഴുപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി വേണം പുതിയ ആക്രമണത്തെ കാണാന്‍.

അമേരിക്കന്‍ പിന്തുണ
ഗസ്സ പിടിച്ചെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും അവിടെയുള്ള ഫലസ്തീനികളെ മുഴുവന്‍ ഈജിപ്തിലേക്കോ ആഫ്രിക്കയിലേക്കോ ഏതെങ്കിലും അറബ് രാജ്യത്തേക്കോ ആട്ടിയോടിക്കുമെന്നും പ്രഖ്യാപിച്ചയാളാണ് അമേരിക്ക ഭരിക്കുന്നത്. ട്രംപിനും മരുമകന്‍ കുഷ്‌നര്‍ക്കും ആ ഇടം ഒരു റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി മാത്രമാണ്. അവര്‍ക്ക് ഗസ്സയുടെ പുനര്‍നിര്‍മാണത്തിലല്ല താത്പര്യം. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കലിലാണ്. വാസയോഗ്യമല്ലാത്ത പാഴ്ഭൂമിയായിത്തീര്‍ന്നിട്ടു വേണം സ്വന്തമാക്കാന്‍. അതുകൊണ്ട് വെടിനിര്‍ത്തലല്ല, തുടര്‍ച്ചയാണ് ട്രംപിന് വേണ്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ വന്ന പ്രസിഡന്റാണ് താന്‍ എന്നത് തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നു. ഗസ്സക്ക് മേല്‍ മരണം വിതക്കും മുമ്പ് ട്രംപിനെ വിളിച്ച് സമ്മതം വാങ്ങിയെന്നാണ് റിപോര്‍ട്ട്.
കൂട്ടക്കുരുതിയുടെ സമയം പ്രധാനമാണ്. ഹൂതികള്‍ക്ക് നേരെ അതിശക്തമായ ആക്രമണ പദ്ധതിക്ക് യു എസ് തുടക്കം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ലക്ഷ്യം ഹൂതികളല്ല, ഇറാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഹമാസിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചിരുന്ന ഇറാന്‍ അച്ചുതണ്ടിനെ തളര്‍ത്തുന്നതോടൊപ്പം ഗസ്സയെ ലക്ഷ്യമിടുകയെന്ന തന്ത്രമാണ് പുലരുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്