Connect with us

pinarayi vijayan

തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നത്: മുഖ്യമന്ത്രി

സംഭവിക്കാന്‍ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് ശ്രമം

Published

|

Last Updated

തൃശ്ശൂര്‍ | തൃശൂര്‍ പൂരം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ എന്താണെന്ന് മൂന്നുനാല് ദിവസം കാത്തിരുന്നാല്‍ മനസിലാകും. അപ്പോഴേക്കും ജനത്തിന്റെ മനസില്‍, സംഭവിക്കാന്‍ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൃശ്ശൂര്‍ പൂരം സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യില്‍ കിട്ടും. വിവരങ്ങള്‍ തനിക്ക് ഇപ്പോള്‍ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടും. റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ 24 ന് മുമ്പ് റിപ്പോര്‍ട്ട് ലഭിക്കണം എന്ന് താന്‍ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡി ജി പിയുടെ ഓഫീസിലെത്തി. ആ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതല്ല സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പാര്‍ട്ടിയുടേതായ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ വലത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതുവരെ കേന്ദ്ര സഹായം നല്‍കാത്തതില്‍ ഏതെങ്കിലും മാധ്യമം വിമര്‍ശിച്ചോ? നമ്മുടെ നാട് തെറ്റായ നടപടി കൊണ്ട് തകര്‍ന്നു പോകില്ല. അഴീക്കോടനെ അഴിമതിക്കോടനെന്ന് മാധ്യമങ്ങള്‍ വിളിച്ചിരുന്നുവെന്നും അതിക്രൂരമായാണ് കമ്യൂണിസ്റ്റ് നേതാവിനെതിരെ പ്രചാരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന് മഹാസൗധമില്ലെന്ന് ജനത്തിന് മനസിലായി. കുഞ്ഞാലിയെ എം എല്‍ എയായിരുന്നപ്പോഴാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലയാളി പാര്‍ട്ടിയോ കൊലയ്ക്ക് ഇരയാകുന്നവരുടെ പാര്‍ട്ടിയോ സിപിഎമ്മെന്ന് ഇതില്‍ നിന്ന് മനസിലാവും. അന്ന് കൊലപാതകം നടത്തിയത് കോണ്‍ഗ്രസാണെങ്കില്‍ പിന്നീടത് ആര്‍ എസ് എസായി മാറി. അടിയന്തിരാവസ്ഥയ്ക്കു ശേഷം ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എം വലിയ തിരിച്ചു വരവ് നടത്തി. അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സി പി എം.

ദേശീയപാത സ്ഥലമെടുക്കല്‍ അനുവദിക്കില്ലെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ആ വഴിക്കു നീങ്ങി. ഗെയില്‍ പൈപ്പ് ലൈന്‍ നടക്കില്ലെന്ന് പറഞ്ഞു നടന്നു. എന്നാല്‍ എല്ലാം യാഥാര്‍ഥ്യമായി. എതിര്‍പ്പുകള്‍ക്കുമുന്നില്‍ പതറിപ്പോകുന്നതല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest