Connect with us

omicron varient

ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്ന് മാധ്യമങ്ങള്‍; പ്രതിഷേധിച്ച് പൗരന്മാര്‍

വകഭേദത്തിന് ഒമിക്രോണ്‍ എന്ന പേര് നല്‍കിയതിലും വിമര്‍ശനം ഉയരുന്നുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ പേരിനോട് സാമ്യമുള്ള ഗ്രീക്ക് അക്ഷരം ഒഴിവാക്കിയാണ് ഒമിക്രോണ്‍ എന്ന പേരിട്ടതെന്നാണ് വിമര്‍ശനം

Published

|

Last Updated

ജോഹനാസ്‌ബെര്‍ഗ് | നിലവില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തേക്കാള്‍ മാരകമായ കൊവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിവാദം. ബി.1.1.529 എന്ന പുതിയ കൊവിഡ് വകഭേദത്തെ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ ‘ദക്ഷിണാഫ്രിക്കന്‍ വകഭേദം’ എന്ന് വിളിക്കുന്നത് അവിടുത്തെ പൗരന്മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാത്തതിനെ ലോകരാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പുതിയ വകഭേദം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ വിവരങ്ങള്‍ പുറത്ത് വിട്ട ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പ്രതികരണമാണ് ട്വീറ്റുകളില്‍ നിറയുന്നത്. മറ്റ് രാജ്യങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആ രാജ്യങ്ങളുടെ പേര് നല്‍കി വിളിക്കാതിരുന്ന മാധ്യമങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്ന് പുതിയ വകഭേദത്തെ വിളിച്ച് രാജ്യത്തിന്റെ സല്‍പ്പേരിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച വൈറോളജി അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യമായ ദക്ഷിണാഫ്രിക്കയെ കളഹങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അവിടുത്തെ സെലിബ്രിറ്റികല്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു.

ഇക്കാര്യത്തില്‍ അമേരിക്കയേയും ചൈനയേയും ഒരുപോലെയാണ് ദക്ഷിണാഫ്രിക്കന്‍ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ വിമര്‍ശിക്കുന്നത്. മുമ്പ് കൊവിഡ് അതിരൂക്ഷ വ്യാപനമുണ്ടായപ്പോള്‍ യൂറോപ്പിലേക്കുള്ള വിവിധ രാജ്യങ്ങളുടെ വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. അന്ന് മതിലുകള്‍ കെട്ടുന്നത് കൊവിഡിനെ തുരത്തില്ലെന്ന് പറഞ്ഞ ബൈഡന്‍ ഭരണകൂടം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിയത് ഇരട്ടത്താപ്പാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പല രാജ്യങ്ങളിലാണ് പുതിയ വകഭേദത്തിന്റെ ഉത്ഭവമെന്ന് നല്‍കിയിട്ടും ഇതിനെ ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്ന് വിളിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന പേര് നല്‍കിയതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ് വകഭേദങ്ങള്‍ക്ക് പേരിടുന്നത്. ഡബ്ലൂ എച് ഓ കണ്ടെത്തിയ അവസാനത്തെ വകഭേദത്തിന് പേര് നല്‍കിയത് അക്ഷരമാലയിലെ 12ാം അക്ഷരമായ മു എന്നാണ്. എന്നാല്‍ 13, 14 അക്ഷരങ്ങള്‍ ഒഴിവാക്കിയാണ് പുതിയ വകഭേദത്തിന് പേരിട്ടത് എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ 14ാം അക്ഷരം ചൈനീസ് പ്രസിഡന്റിന്റെ പേരിനോട് സാമ്യമുള്ള ഷി എന്ന് ഉച്ചാരണം വരുന്നതിനാലാണ് ഒഴിവാക്കിയത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ട്വീറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ദക്ഷിണാഫ്രിക്കന്‍ സെലിബ്രിറ്റികള്‍ വരെ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Latest