Kerala
അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; കര്‍ശനമായി ഇടപെടേണ്ട സ്ഥിതിയെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ
പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷന്‍ ലഭ്യമാക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കൊച്ചി | അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നല്‍കുന്നത്. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ കേസില്‍, പരാതി വന്നതിനു ശേഷം ഒളിവില്‍ പോയ ആളുമായി വാര്‍ത്ത ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നത് ഏറെ അപമാനം ഉണ്ടാക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു
പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകള്‍ വരുന്നു. ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തു പറയാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതില്‍ കര്‍ശനമായി ഇടപെടേണ്ട സ്ഥിതിയാണെന്നും സതീദേവി പറഞ്ഞു
വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. കേസ് അന്വേഷണം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പോലീസ് തയാറാകണം. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷന്‍ ലഭ്യമാക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.