Kozhikode
മെഡിക്കല്‍ കോളജിൽ ആവശ്യത്തിന് ജീവനക്കാരില്ല; നഴ്‌സുമാര്‍ പ്രതിഷേധത്തില്‍
കോഴിക്കോട് | കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് സ്റ്റാഫ് നഴ്‌സുമാരില്ലെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെ നിലവിലുള്ള ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിച്ചു.
പലര്‍ക്കും പന്ത്രണ്ട് മണിക്കൂറോളം നേരം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഒമ്പത് ദിവസത്തില്‍ ഒരിക്കല്‍ മാത്രം നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന നഴ്‌സുമാര്‍ ഇപ്പോള്‍ മൂന്ന് ദിവസം കൂടുമ്പോള്‍ നൈറ്റ് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനെതിരെ നഴ്‌സുമാരുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പി എം എസ് എസ് വൈയും മെഡിക്കല്‍ കോളജ് സ്റ്റാഫുകളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. പി എം എസ് എസ് വൈയില്‍ മാത്രം 600ഓളം സ്റ്റാഫുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഈ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്താത്തതും പ്രതിസന്ധിക്ക് കാരണമാണ്. പുതിയ നിയമനങ്ങള്‍ നടത്തണമെന്നും നേരത്തേ പിരിച്ചുവിട്ട ആയിരത്തോളം വരുന്ന താത്കാലിക ആരോഗ്യപ്രവര്‍ത്തകരെ തിരിച്ചെടുത്ത് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നുമാണ് നഴ്‌സുമാരുടെ ആവശ്യം.
സാധാരണ ഗതിയില്‍ മൂന്ന് രോഗികള്‍ക്ക് ഒരു നഴ്‌സ് ആവശ്യമുള്ള വാര്‍ഡുകളില്‍ 50 രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന സ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം രോഗികളും നഴ്‌സുമാരും വളരെയധികം ബുദ്ധിമുട്ടിലാണ്.
പല വാര്‍ഡുകളിലും നഴ്‌സുമാരുടെ കുറവ് കാരണം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
തീവ്ര പരിചരണ വിഭാഗത്തിലും സ്റ്റാഫ് നഴ്‌സുകളുടെ കുറവ് രൂക്ഷമാണ്. ഇന്നലെ നഴ്‌സുമാരുടെ കൂട്ടായ്മ പ്രതിഷേധദിനം ആചരിച്ചിരുന്നു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കൂട്ടായ്മയുടെ തീരുമാനം.