Connect with us

Malappuram

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡും സി ആര്‍ സി കോഴിക്കോടും നടത്തിയ ഭിന്നശേഷി സമാഗമം ശ്രദ്ധേയമായി

Published

|

Last Updated

മലപ്പുറം | അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡും കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംബോസിറ്റ് റീജിയണല്‍ സെന്ററും (സി ആര്‍ സി-കെ) സംയുക്തമായി ‘സമാഗമം – 2021’ സംഘടിപ്പിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളും കാഴ്ച, കേള്‍വി പരിമിതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

കൊവിഡ് കാലത്ത് വ്യത്യസ്തങ്ങളായ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി, സി ആര്‍ സി ഡയറക്ടര്‍ റോഷന്‍ ബിജിലി എന്നിവര്‍ സന്ദേശം നല്‍കി. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ആയ ബിഷര്‍ കെ സി വയനാട് ക്ലാസ് നയിച്ചു. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ കായിക മേഖലയിലെ മികച്ച പ്രതിഭക്കുള്ള അവാര്‍ഡ് നേടിയ പി വി ലതിക വിശിഷ്ടാഥിതിയായി.

സി ആര്‍ സി റിഹാബിലിറ്റേഷന്‍ ഓഫീസര്‍ പി വി ഗോപിരാജ്, ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മുഹമ്മദ് അസ്റത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ മൊയ്തീന്‍ കുട്ടി, ലൈഫ്ഷോര്‍ ഡയറക്ടര്‍ മുര്‍ഷിദ് കുട്ടീരി, പ്രിന്‍സിപ്പല്‍മാരായ അബൂബക്കര്‍, ശോഭ, വിമല പ്രസംഗിച്ചു. കോട്ടക്കല്‍ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുട്ടികള്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ലോഗോയില്‍ ബലൂണുകള്‍ പറത്തി സന്ദേശം നല്‍കിയത് വ്യത്യസ്തമായി. ഡിസംബര്‍ 15 ന് മലപ്പുറം ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികള്‍ക്ക് വേണ്ടി ശില്‍പശാലയും അടുത്ത ജനുവരിയില്‍ റിഹാബിലിറ്റേഷന്‍ പ്രൊഫഷനുകള്‍ക്കായി ദേശീയ തലത്തില്‍ സി ആര്‍ ഇ സെമിനാറും എബിലിറ്റി എക്സ്പോയും സംഘടിപ്പിക്കും.

 

Latest