Articles
ബദ്റിന്റെ ഓര്‍മയും പാഠവും
ഇസ്‌ലാം മുന്നോട്ടുവെച്ച ആദര്‍ശങ്ങള്‍ തങ്ങളുടെ അധികാരത്തിനും പദവികള്‍ക്കും ഇളക്കമുണ്ടാക്കും എന്ന ചിന്തയാണ് ചിലരെ തിരുനബി(സ)യുടെ ശത്രുക്കളാക്കിയത്. ആശയ പ്രചാരണത്തിന്റെ ആദ്യ നിമിഷം മുതല്‍ അവരുടെ എതിര്‍പ്പും ആരംഭിച്ചു. എതിര്‍പ്പുകള്‍ പല ഘട്ടങ്ങളിലൂടെ കടുന്നുപോയി. അതിക്രമങ്ങളും കൊലപാതകങ്ങളും ഭക്ഷണം തടഞ്ഞുവെക്കലും ബഹിഷ്‌കരണങ്ങളുമെല്ലാമായി അത് അരങ്ങേറി. അപ്പോഴൊന്നും ഒരു പ്രതിക്രിയക്ക് പ്രവാചകര്‍(സ) മുതിര്‍ന്നില്ല.

മുസ്‌ലിം ലോകം ബദ്ര്‍ പോരാട്ടത്തെ സ്മരിക്കുകയാണ്. പ്രഭാഷണങ്ങളും പ്രകീര്‍ത്തനങ്ങളും ആത്മീയ സംഗമങ്ങളുമെല്ലാമായി ഈ ദിവസത്തിന്റെ പ്രമേയം 1444 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സൈനിക നീക്കത്തിലേക്ക് കേന്ദ്രീകരിക്കുന്നു. എത്രയേറെ പ്രഭാഷണങ്ങളാണ് നീണ്ടകാലത്തിനകം ഇവ്വിഷയകമായി നടന്നിട്ടുള്ളത്? എത്ര രചനകളാണ് വെളിച്ചം കണ്ടിട്ടുള്ളത്? എന്നിട്ടും പഠനങ്ങളും അന്വേഷണങ്ങളും ഇടവേളകളില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്തായിരിക്കും അതിന് കാരണം? യുദ്ധഭൂമിയില്‍ പഠിക്കാനുള്ള പാഠങ്ങളെല്ലാം ബദ്ര്‍ ഉള്‍വഹിച്ചിരിക്കുന്നു എന്നത് തന്നെയാണ് അന്വേഷണങ്ങളെല്ലാം ഇവിടേക്ക് കേന്ദ്രീകരിക്കാനുള്ള കാരണം. അവസരം പാര്‍ത്തിരുന്ന് പ്രതിയോഗിയോട് പോരടിക്കാനുള്ള പഴുത് ചികയണമെന്നല്ല ബദ്്ര്‍ പഠിപ്പിക്കുന്നത്. പകരം ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ എന്തെല്ലാം വിട്ടുവീഴ്ചകള്‍ സാധിക്കുമോ അതെല്ലാം ചെയ്യണമെന്നാണ്. ഇസ്‌ലാം മുന്നോട്ടുവെച്ച ആദര്‍ശങ്ങള്‍ തങ്ങളുടെ അധികാരത്തിനും പദവികള്‍ക്കും ഇളക്കമുണ്ടാക്കും എന്ന ചിന്തയാണ് ചിലരെ തിരുനബി(സ)യുടെ ശത്രുക്കളാക്കിയത്. ‘എല്ലാ മനുഷ്യരും തുല്യരാകുന്നതും’ ‘സ്ത്രീയുടെ സാമൂഹിക പദവി ഉയരുന്നതും’ ‘ഞാനെന്ന ഭാവത്തെ ഞങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതും’ ചിന്തിക്കാനാകാത്തവരാണ് നബി(സ)യെയും അനുചരരെയും ശത്രുക്കളായി കണ്ടത്. ആശയ പ്രചാരണത്തിന്റെ ആദ്യ നിമിഷം മുതല്‍ അവരുടെ എതിര്‍പ്പും ആരംഭിച്ചു. ആ എതിര്‍പ്പുകള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. ചരിത്രത്തില്‍ തുല്യതയില്ലാത്ത അതിക്രമങ്ങളും കൊലപാതകങ്ങളും ഭക്ഷണം തടഞ്ഞുവെക്കലും ബഹിഷ്‌കരണങ്ങളുമെല്ലാമായി അത് അരങ്ങേറി. അപ്പോഴൊന്നും ഒരു പ്രതിക്രിയക്ക് പ്രവാചകര്‍(സ) മുതിര്‍ന്നില്ല. പ്രവാചകത്വത്തിന് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു കൂട്ടം വിശ്വാസികള്‍ പിറന്ന നാട് ഉപേക്ഷിച്ച് എത്യോപ്യയിലേക്ക് പലായനം ചെയ്തു. യുദ്ധം ഒഴിവാക്കാനുള്ള ശ്രമം കൂടിയായിരുന്നു അതെല്ലാം. പക്ഷേ ശത്രുക്കള്‍ യുദ്ധത്തിനുള്ള അവസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. വേണ്ട, യുദ്ധാനുമതിയില്ല എന്ന് തന്നെയായിരുന്നു പ്രവാചകര്‍(സ)യുടെ നിലപാട്. ഒടുവില്‍ സഹനം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ സമ്പൂര്‍ണമായ ഒരു പലായനം തന്നെ നടന്നു. ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി പാത്തും പതുങ്ങിയുമുള്ള പറിച്ചുനടല്‍. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഈ പലായനം പോലും വാളുയര്‍ത്തിപ്പിടിച്ചവരുടെ കണ്ണുവെട്ടിച്ചായിരുന്നു എന്നും അതിസങ്കീര്‍ണമായ ഒരു സാഹസമായിരുന്നു എന്നും ഓര്‍ക്കുക. അപ്പോഴേക്കും പ്രവാചകലബ്ധിക്ക് പതിമൂന്ന് വര്‍ഷം പിന്നിട്ടിരുന്നു.
തിരുനബി(സ) മദീനയിലെത്തി. നീതിയെ നിലപാടാക്കി ഒരു ഭരണകൂടം സ്ഥാപിച്ചു. മദീനാ ചാപ്റ്ററിന്റെ ഉള്ളടക്കം രൂപപ്പെടുന്ന ആ ഘട്ടത്തിലൊന്നും മക്കയിലേക്ക് ഒരു പടനീക്കം അവിടുത്തെ അജന്‍ഡയായില്ല. എന്നാല്‍ അസഹിഷ്ണുത തലക്ക് പിടിച്ചവര്‍ നീതിനിഷേധം തുടര്‍ന്നു. മുസ്ലിംകള്‍ക്ക് കഅ്ബാലയത്തില്‍ ആരാധന നിര്‍വഹിക്കാനും മക്കയില്‍ ചെന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാനും പോലും പറ്റാത്ത വിധം അവരുടെ ഉപദ്രവം തുടര്‍ന്നു. ഈ ഘട്ടത്തിലാണ് ഒരു സൈനിക നടപടിയിലേക്ക് പ്രവാചകരുടെ ആലോചനകള്‍ നീങ്ങുന്നത്. ബദ്റിനെ പഠിക്കുന്നത് പോലെ പ്രധാനമാണ് ബദ്ര്‍ സംഭവിക്കാതിരിക്കാന്‍ സാഹസപ്പെട്ട ഈ ഒന്നരപ്പതിറ്റാണ്ടിന്റെ ചരിത്രം പകര്‍ത്തുന്നതും.
സായുധ നീക്കം എന്ന നിലപാടിലേക്കെത്തിയപ്പോഴും മക്കയിലേക്ക് കടന്നുകയറി ആ നാഗരികതയെ നിഷ്‌കാസനം ചെയ്യാനല്ല നബി(സ) മുതിര്‍ന്നത്. സമ്മര്‍ദ തന്ത്രങ്ങളിലൂടെ മറുപക്ഷത്തിന്റെ നിലപാട് മാറ്റാനുള്ള നീക്കമാണ് മുസ്‌ലിംകള്‍ മുന്നോട്ടുവെച്ചത്. മക്കക്കാരുടെ വാണിജ്യപാത മദീനയുടെ പരിസരത്തു കൂടിയാണ് കടന്നുപോകുന്നത്. കച്ചവടം മുടങ്ങിയാല്‍ നിത്യച്ചെലവിന്റെ കാര്യം പോലും അവതാളത്തിലാകുന്നതാണ് മക്കക്കാരുടെ സാമ്പത്തിക പശ്ചാത്തലം. അങ്ങനെയൊരു പ്രതിസന്ധി വന്നാല്‍ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവര്‍ മുസ്ലിംകളോട് കരാറിലെത്തുമെന്നും അതുവഴി സമാധാനം കൈവരുമെന്നും കണക്കുകൂട്ടി. അങ്ങനെയാണ് വാണിജ്യപാത ഉപരോധിക്കാന്‍ നബി(സ)യും സ്വഹാബികളും രംഗത്തിറങ്ങിയത്. കച്ചവടത്തിലെ ലാഭത്തിലൂടെ മദീനയെ അക്രമിക്കാന്‍ അവര്‍ക്ക് പദ്ധതി ഉണ്ടായിരുന്നു എന്നതും മക്കയില്‍ ബാക്കിവന്ന മുസ്‌ലിംകളുടെ സമ്പത്ത് കൈയേറി അതും കച്ചവടത്തിന് ഉപയോഗിച്ചു എന്നതും കൂടി കൂട്ടിവായിച്ചാല്‍ ഈ ഉപരോധത്തിന്റെ ലക്ഷ്യം ശരിയായിരുന്നു എന്ന് കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
അബൂസുഫ്യാന്‍ പറഞ്ഞയച്ച ദൂതന്‍ വഴിയാണ് മുസ്‌ലിംകളുടെ നീക്കത്തെ കുറിച്ചുള്ള വിവരം മക്കയിലെത്തുന്നത്. അങ്ങനെയാണ് അവര്‍ യുദ്ധത്തിനായി പുറപ്പെടുന്നത്. തങ്ങളുടെ സമ്പത്ത് വീണ്ടെടുക്കുകയായിരുന്നില്ല മുസ്‌ലിംകളെ ഇല്ലാതാക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്ന് മക്കയില്‍ നിന്നുള്ള മുന്നൊരുക്കം മുതല്‍ യുദ്ധം വരെയുള്ള ഓരോ സംഭവങ്ങളും നിരീക്ഷിച്ചാല്‍ മനസ്സിലാകും. കച്ചവടസംഘം മുസ്‌ലിംകളുടെ കൈയില്‍ അകപ്പെടാതെ രക്ഷപ്പെട്ടിട്ടും പിന്‍മാറാതെ അവര്‍ യുദ്ധത്തെ വിളിച്ചുവരുത്തുകയായിരുന്നു. അങ്ങനെ, യുദ്ധത്തിന് ഒരു മുന്നൊരുക്കവും നടത്താത്ത മുസ്‌ലിംകളിലേക്ക് ശത്രുക്കള്‍ യുദ്ധം അടിച്ചേല്‍പ്പിച്ചു. ചരിത്രത്തെ അപഗ്രഥിച്ചാല്‍ ഈ ഘട്ടത്തിലൊന്നും മുസ്‌ലിംകള്‍ യുദ്ധത്തിന് മുതിര്‍ന്നില്ല എന്ന് ആര്‍ക്കും മനസ്സിലാക്കാനാകും.
അനിവാര്യമായ ഒരു പ്രതിരോധത്തിന് ആയുധമെടുക്കേണ്ടി വന്നപ്പോഴും യുദ്ധമര്യാദയുടെ അനുകരണീയമായ മാതൃകകള്‍ നബി(സ) നടപ്പില്‍ വരുത്തി. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കരുതെന്നും മരം മുറിക്കരുതെന്നും തുടങ്ങി പ്രവാചകരും ഖലീഫമാരും യുദ്ധസന്നദ്ധരായ യോദ്ധാക്കള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. തിരുനബി(സ)യുടെ കാലത്ത് എഴുപത്തിനാല് സൈനിക നീക്കങ്ങളുണ്ടായപ്പോള്‍ ഇരുപക്ഷത്ത് നിന്നും കൂടി 1,018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നറിയുമ്പോള്‍ സംഹാരമായിരുന്നില്ല ഈ സൈനിക നീക്കങ്ങളുടെ പ്രമേയമെന്ന് ആര്‍ക്കും ബോധ്യപ്പെടും.
70 പേരെ ബദ്റില്‍ മുസ്‌ലിംകള്‍ തടവുകാരായി പിടിച്ചിരുന്നു. മക്കയില്‍ നിന്ന് മുസ്‌ലിംകളെ കഠിനോപദ്രവം ചെയ്തിരുന്ന നള്റ് ബ്നു ഹാരിസ്, ഉഖ്ബത് ബ്നു അബൂ മുഅയ്ത്വ് എന്നിവര്‍ തടവിലായിട്ടും പക പ്രകടമാക്കിയ കാരണത്താല്‍ അവരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. മറ്റുള്ള തടവുകാര്‍ക്ക് മാന്യമായ പരിഗണന നബി(സ) ഉറപ്പാക്കി. മദീനയിലെത്തിച്ച തടവുകാരെ വിവിധ സ്വഹാബീ കുടുംബങ്ങള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുകയാണ് നബി(സ) ചെയ്തത്. അവര്‍ തടവുപുള്ളികളോട് അതിഥികളോടെന്ന പോലെയാണ് പെരുമാറിയത്. അവര്‍ ലഘുഭക്ഷണം കഴിച്ച് അതിഥികളുടെ വയറുനിറച്ചു. ഒരു കടുത്ത വാക്ക് പോലും പറയാന്‍ മുതിര്‍ന്നില്ല.
കഴിഞ്ഞകാല പീഡനങ്ങളുടെ ഓര്‍മകളായിരിക്കാം, തടവുകാര്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കാന്‍ പല കോണില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നു. വധിക്കാനും അവയവങ്ങള്‍ ഛേദിക്കാനും മുറവിളി ഉയര്‍ന്നു. എന്നാല്‍ നബി(സ) അതെല്ലാം നിരാകരിച്ചു. അവസാനം സാധ്യമാകുന്ന മോചനദ്രവ്യം സ്വീകരിച്ച് തടവുകാരെ സ്വതന്ത്രരാക്കി. അബൂ ഉസ്സ എന്ന കവിയെ ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് തിരുനബി(സ) മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികള്‍ സംരക്ഷിക്കാനാളില്ലാതെ അനാഥരാകും എന്ന കാരണത്താലാണ് ഈ തീരുമാനമെടുത്തത്. എഴുത്തറിയാമായിരുന്നവരെ മദീനയിലെ പത്ത് കുട്ടികള്‍ക്കു വീതം എഴുത്ത് പരിശീലിപ്പിക്കാന്‍ ഏല്‍പ്പിച്ചു. കുട്ടികള്‍ എഴുത്ത് പഠിച്ചു കഴിഞ്ഞതോടെ അവരെയും മോചിപ്പിച്ചു.
യുദ്ധാനന്തരം അരങ്ങേറിയ മാനുഷികവും സര്‍ഗാത്മകവുമായ ഈ സംഭവങ്ങള്‍ എത്രത്തോളം ഹൃദ്യമായിരുന്നു എന്നതിന് തെളിവാണ് അന്ന് തടവിലാക്കപ്പെട്ട നിരവധിയാളുകള്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചു എന്നത്.
ബദ്റിലോ ശേഷം നടന്ന യുദ്ധങ്ങളിലോ പങ്കെടുത്ത ആരെയും ഇസ്‌ലാം ശാശ്വത ശത്രുക്കളായി കണ്ടിട്ടില്ല. ഇസ്‌ലാമിന്റെ പോരാട്ടം നിലപാടുകളോടായിരുന്നു. നിലപാട് മാറാത്ത മനസ്സും ശരീരവുമായി ഇരമ്പിയാര്‍ത്തവരെ യുദ്ധത്തിലും ശേഷവും കൊലപ്പെടുത്തിയിട്ടുണ്ട്. മദീനാ ഭരണകൂടത്തിനും അവിടുത്തെ പ്രജകളായ വിശ്വാസികള്‍ക്കും സ്വസ്ഥ ജീവിതം നയിക്കാന്‍ അതല്ലാതെ വഴിയില്ലായിരുന്നു. എന്നാല്‍ വ്യത്യസ്ത യുദ്ധങ്ങളില്‍ ആയുധമേന്തിയ നൂറുകണക്കിനാളുകള്‍ നിഷേധാത്മക നിലപാടുകള്‍ തിരുത്തി പിന്നീട് പ്രവാചകര്‍(സ)ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ബദ്ര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട കച്ചവട സംഘത്തിന്റെ തലവനും ഉഹ്ദിലെ സൈന്യാധിപനുമായ അബൂസുഫ്യാന്‍(റ) പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃപദവി അലങ്കരിച്ചിട്ടുണ്ട്. ഖാലിദ് ഇബ്നു വലീദ്(റ), ഇക്രിമത്ത് ബ്നു അബൂജഹ്ല്‍(റ) എന്നിവര്‍ പോരാട്ടവീര്യം കൊണ്ട് മുസ്‌ലിം ഭരണകൂടത്തിന്റെ നെടുംതൂണുകളായവരാണ്. പ്രവാചകരുടെ കൊടിയ ശത്രുക്കളുടെ മക്കള്‍ പോലും ഇപ്രകാരം മാറാനിടവരുത്തിയത് പ്രവാചകര്‍ പ്രകടമാക്കിയ മൂല്യങ്ങളുടെ മനോഹാരിതയാണ്.
ചുരുക്കത്തില്‍ ബദ്റിന്റെ അടിസ്ഥാന പാഠം പോരാട്ടമല്ല. സഹനവും വിട്ടുവീഴ്ചയുമാണ്. എതിരാളിയെ പോലും ചേര്‍ത്തു നിര്‍ത്തുന്ന സ്നേഹവും പാരസ്പര്യവുമാണ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബദ്റിന്റെ ഓര്‍മ പുതുക്കുന്നത് ഏറ്റവും മികച്ച ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാകുന്നത് അതുകൊണ്ടാണ്.