Connect with us

Travelogue

മലബാറിന്റെ ദേശാടനങ്ങൾ

ആധുനികതയെ ആവോളം സ്വീകരിക്കുമ്പോഴും പാരമ്പര്യത്തോട് വിമുഖതയില്ലാത്ത ജനസമൂഹമാണ് സിംഗപ്പൂരിലേത്.വിശ്വാസ സ്വാതന്ത്ര്യം വേണ്ടത്രയുള്ള നാട്.വിഭാഗീയതകൾക്ക് പകരം വൈവിധ്യങ്ങളെയും വികസനങ്ങളെയും ആസ്വദിക്കുന്നതിലെ സൗന്ദര്യം സിംഗപ്പൂരിലെ സർവയിടങ്ങളിലും ദൃശ്യമാണ്.അഞ്ചര ലക്ഷം ജനങ്ങൾ മാത്രമുള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകെയിലെത്തിയതും മറ്റൊന്നു കൊണ്ടല്ല.

Published

|

Last Updated

ബാഅലവി മസ്ജിദിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയുണ്ട്. മലയാളികൾക്ക് അഭിമാനിക്കാവുന്ന, സുവർണ മിനാരങ്ങളാൽ അലംകൃതമായ ആരാധനാലയം. പേര് മലബാർ മസ്ജിദ്. ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷിയായ സ്ഥലമാണിത്. സിംഗപ്പൂരിലെ ആദ്യ മുസ്‌ലിം ഖബർ സ്ഥാനായ ജലാൻ കുബൂർ അതിനടുത്താണ്. മൂന്നായി തരം തിരിച്ച ഈ ഖബർസ്ഥാനിന്റെ ഒരു ഭാഗം ഇന്ത്യക്കാർക്കുള്ളതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ മലയാളികൾ ഇവിടെ എത്തിയതായി അനുമാനിക്കാം. അവിടെ അവരൊരു പള്ളി നിർമിക്കുകയും ക്രമേണ അത് ഉപയോഗശൂന്യമാവുകയും ചെയ്തു.

1929ലാണ് മലബാർ മുസ്‌ലിം ജമാഅത്ത് ഈ പള്ളി ഏറ്റെടുത്തതും മലബാർ മസ്ജിദെന്ന് പുനർനാമകരണം ചെയ്തതും.ഗൃഹാതുരത്വം ഉണർത്തുന്ന ഈ ദൃശ്യങ്ങൾക്കിടയിൽ ഇന്ത്യാ സിംഗപ്പൂർ കൊടുക്കൽ വാങ്ങലുകളുടെ അനുഭൂതി പങ്കുവെക്കുന്ന മറ്റൊരിടം കൂടിയുണ്ട്. ഹബീബ് സയ്യിദ് മുഹമ്മദ് ബ്ൻ മുഹമ്മദ് ശാത്വിരി തങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രം. മലയാളിയാണ് മഹാനവർകൾ. മീസാൻ കല്ലിലെ കുഞ്ഞിക്കോയ തങ്ങൾ എന്ന പരാമർശത്തിൽ നിന്ന് നമുക്കത് മനസ്സിലാക്കാം. 1950 മുഹർറം ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രവാചക പരമ്പരകളുടെ വ്യത്യസ്ത നാടുകൾ താണ്ടിയുള്ള സഞ്ചാരപഥങ്ങളുടെ കഥകൾ അനാവരണം ചെയ്യുന്നുണ്ട് ഈ മഖ്ബറ. തങ്ങന്മാർ കേരളത്തിലേക്ക് ദേശാടനം നടത്തിയത് പോലെ കേരളം കടന്നും അവർ പല നാടുകളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെ ഇസ്‌ലാം പ്രചരിക്കുകയോ അതിന്റെ വളർച്ച ശക്തി പ്രാപിക്കുകയോ ചെയ്ത പ്രദേശങ്ങൾ നിരവധിയാണ്.
രാജ്യത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ മസ്ജിദ് സുൽത്താൻ മാതൃകയിലാണ് മലബാർ മസ്ജിദിന്റെ നിർമാണം.

സിംഗപ്പൂരിന്റെ സമ്പന്നമായ മുസ്‌ലിം പൈതൃകത്തിന്റെ പ്രതീകങ്ങളാണ് ഇരു പള്ളികളും. സുൽത്താൻ മസ്ജിദിന്റെ വാസ്തു ശൈലി കൂടുതൽ മികവാർന്നതാണ്. സുൽത്താൻ ഹുസൈൻ ഷായുടെ സ്മരണാർഥമാണ് പള്ളിക്ക് ഈ പേര് നൽകിയത്. സർക്കാർ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പൈതൃക കേന്ദ്രം.

ഏതാണ്ട് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പുറംകാഴ്ചകളെ പോലെ അതിമനോഹരമാണ് സുൽത്താൻ മസ്ജിദിന്റെ അകം കാഴ്ചകളും. പ്രത്യേക രൂപകൽപ്പന.ഭക്തിസാന്ദ്രമായ അന്തരീക്ഷം. അൽപ്പനേരം അവയെല്ലാം വീക്ഷിച്ച് അഭിവാദ്യ പ്രാർഥനകൾ നിർവഹിച്ച് ഞങ്ങൾ അവിടെ നിന്നിറങ്ങി.

ഹബീബ് നൂഹ് തങ്ങളുടെ മഖ്ബറയാണ് സിംഗപ്പൂരിലെ മറ്റൊരു പ്രധാന സിയാറത്ത് കേന്ദ്രം. സയ്യിദ് നൂഹ് ബ്ൻ മുഹമ്മദ് ബ്ൻ അഹമ്മദ് അൽഹബ്ശി എന്നാണ് പൂർണനാമം. വിദൂര ദിക്കുകളിൽ നിന്ന് വരെ സന്ദർശകരെത്താറുണ്ട് ഇവിടേക്ക്.

1866 ലാണ് ഹബീബ് നൂഹ് വിട പറഞ്ഞത്. പാൽമർ കുന്നിന്റെ മുകളിലായിരുന്നു മഹാൻ ഏകാന്തവാസത്തിൽ കഴിയാറുണ്ടായിരുന്നത്.വിയോഗാനന്തരം ഔദ്യോഗിക ഖബർസ്ഥാനിൽ മറവ് ചെയ്യാനായിരുന്നു ശ്രമമെങ്കിലും നടന്നില്ല. ഈ അത്ഭുതസിദ്ധി തിരിച്ചറിഞ്ഞ വിശ്വാസികൾ അദ്ദേഹത്തിന് കുന്നിൻ മുകളിൽ തന്നെ ഖബറൊരുക്കി. പിൽക്കാലത്ത് രാജ്യത്തെ വലിയ തീർഥാടന കേന്ദ്രമായി പ്രദേശം മാറി. സഹോദരൻ അബ്ദുർറഹ്മാൻ അൽഹബ്ശിയുടെ ഖബറും സമീപത്തായുണ്ട്. സിംഗപ്പൂരിലെ പ്രഥമ ഖാസിയായിരുന്നു അദ്ദേഹം.

രാജ്യത്തേക്കുള്ള ഇസ്‌ലാമിക ആഗമനത്തിന്റെ ചരിത്രമുറങ്ങുന്ന സുൽത്താൻ ഇസ്ക്കന്ദർ ഷായുടെ മൗസോളിയവും ശ്രദ്ധേയമാണ്. ഫോർട്ട് കാന്നിംഗ് ഹില്ലിലാണ് സുൽത്താന്റെ ശേഷിപ്പുകളുള്ളത്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹത്തിന്റെ ആദ്യ പേര് പരമേശ്വര എന്നായിരുന്നു. മലാക്കയുടെ പിതാവായി അറിയപ്പെട്ടിരുന്ന പരമേശ്വര പിന്നീട് സിംഗപ്പൂർ ആസ്ഥാനമാക്കി ഭരണം നടത്തി. അദ്ദേഹത്തെ കുറിച്ചുള്ള അത്ഭുത സംഭവങ്ങൾക്കും ചരിത്രകഥകൾക്കും പ്രാദേശികമായി വലിയ പ്രചാരമുണ്ട്.

സർക്കാറിന് കീഴിലുള്ള മജ്്ലിസ് ഉഗാമ ഇസ്‌ലാം സിംഗപ്പൂർ (MUIS) ആണ് രാജ്യത്തെ മതകാര്യങ്ങൾ നിയന്ത്രിക്കുന്നത്. സിംഗപ്പൂർ പ്രസിഡന്റാണ് സമിതി തലവൻ. മസ്ജിദുകൾ, മഖ്ബറകൾ തുടങ്ങിയവയുടെ സംരക്ഷണ ചുമതല, ഫത്‌വ നൽകൽ തുടങ്ങി വിവിധ ചുമതലകളുണ്ട് 1968 ൽ നിലവിൽ വന്ന മജ്്ലിസിന്.

ജനസംഖ്യയുടെ പതിനഞ്ച് ശതമാനം മാത്രമുള്ള മുസ്‌ലിംകളോട് സിംഗപ്പൂർ കാണിക്കുന്ന പരിഗണന അനുപമമാണ്. ആധുനികതയെ ആവോളം സ്വീകരിക്കുമ്പോഴും പാരമ്പര്യത്തോട് വിമുഖതയില്ലാത്ത ജനസമൂഹമാണ് രാജ്യത്തേത്. വിശ്വാസ സ്വാതന്ത്ര്യം വേണ്ടത്രയുള്ള നാട്. വിഭാഗീയതകൾക്ക് പകരം വൈവിധ്യങ്ങളെയും വികസനങ്ങളെയും ആസ്വദിക്കുന്നതിലെ സൗന്ദര്യം സിംഗപ്പൂരിലെ സർവയിടങ്ങളിലും ദൃശ്യമാണ്. അഞ്ചര ലക്ഷം ജനങ്ങൾ മാത്രമുള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകെയിലെത്തിയതും മറ്റൊന്നു കൊണ്ടല്ല.

Latest