Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രി വളപ്പുകളിലെ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി

തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങള്‍ ഇഴ ജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ്

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ ആശുപത്രി കോമ്പൗണ്ടുകളില്‍ വര്‍ഷങ്ങളായി തുരുമ്പെടുത്തു ദ്രവിച്ചു കിടക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റണമെന്നു നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങള്‍ ഇഴ ജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങളെന്നു മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ള കണ്ടം ചെയ്തു ഒഴിപ്പിക്കാന്‍ നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങള്‍. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങള്‍.’ആര്‍ദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ള അനേകം വാഹനങ്ങള്‍ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാന്‍ കഴിയുന്നവയല്ല. കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിലുള്ള വര്‍ഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങള്‍ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിര്‍മാണ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ട് . സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങള്‍ കണ്ടം ചെയ്യുന്ന നടപടികള്‍ക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ട് നല്‍കല്‍ , ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ട്.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടം ചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തനം വേഗത്തിലാക്കും. (കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം ഒഴിവാക്കല്‍ നിര്‍ബന്ധമാക്കിയ വാഹനങ്ങള്‍ ഇവയില്‍ പെടുന്നില്ല)