Kerala
തെറ്റായ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞിട്ടില്ല; സജി ചെറിയാന് പിന്തുണയുമായി സി പി എം
പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി മാറ്റി മന്ത്രിയെ ക്രൂശിക്കരുത്.
പത്തനംതിട്ട | ഭരണഘടനയെ വിമര്‍ശിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് പിന്തുണയുമായി സി പി എം. തെറ്റായ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞിട്ടില്ലെന്ന് സി പി എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു തന്നെ തൊഴിലാളികള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും ഭരണഘടനയുണ്ടായിട്ടും ഇപ്പോഴും തുടരുന്നു. അതിനെ ചൂഷണം ചെയ്തു രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുകയാണ്. തൊഴില്‍ മേഖലയില്‍ അധ്വാനിക്കുന്നവരോടുള്ള ജുഡീഷ്യറിയുടെ വിവേചനവും ഉള്‍പ്പെടെ പാര്‍ട്ടി ക്ലാസുപോലെ മാത്രമേ മന്ത്രി അവതരിപ്പിച്ചിട്ടുള്ളൂ. അത് വിവാദമാക്കേണ്ട കാര്യമില്ല. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി മാറ്റി മന്ത്രിയെ ക്രൂശിക്കരുത്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി നടത്തിയത് ശരിയോ തെറ്റോയെന്ന് വിലയിരുത്തേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ബിനു വര്‍ഗീസ് പറഞ്ഞു. സജി ചെറിയാനെതിരെ ബോധപൂര്‍വമായ ആക്രമണമാണ് നടന്നതെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.
മല്ലപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഭരണഘടനക്കെതിരെ ഗുരുതര പരാമര്‍ശം നടത്തിയത്. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.