KERALA PWD
കൊയിലാണ്ടി- എടവണ്ണ പാതയിലെ അപകടത്തില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതു മരാമത്ത് മന്ത്രി
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ കാലവര്‍ഷത്തില്‍ ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ ഡി ഐ സി സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു
കോഴിക്കോട് | കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ കാലവര്‍ഷത്തില്‍ ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ ഡി ഐ സി സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട്( കെ എസ് ടി പി ) പ്രൊജക്ട് ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു ഐ എ എസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഒക്ടോബര്‍ 26ന് മുന്‍പായി കമ്മിറ്റിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഐ എ എസ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൂടാതെ കോഴിക്കോട് ജില്ലയിലെ വിവിധ സംസ്ഥാന- ദേശീയപാതകളില്‍ അപകടമരണങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാനായി ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്.
കെ എസ് ടി പി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കെ എസ് ടി പി പ്രൊജക്ട് ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു ഐ എ എസ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.