National
ഈ സാമ്പത്തിക വര്‍ഷം ഭക്ഷ്യധാന്യ ഉത്പാദനം 150.50 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയില്‍ കാര്‍ഷിക മന്ത്രാലയം
ഖാരിഫ് എണ്ണക്കുരു ഉല്‍പാദനത്തില്‍ കുറവുണ്ടാകും
ന്യൂഡല്‍ഹി | ഇത്തവണ രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്ക് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ടു. 150.50 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ഖാരിഫ് എണ്ണക്കുരു ഉല്‍പാദനത്തില്‍ കുറവുണ്ടാകും. 26 ദശലക്ഷം ടണ്‍ എണ്ണക്കുരു ഉല്‍പാദിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 2.33 ദശലക്ഷം ടണ്ണിന്റെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം 24.03 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം.
ഖാരിഫ് വിളയില്‍ നിന്ന് മാത്രം 2021-22 വര്‍ഷത്തില്‍ 150.50 ദശലക്ഷം ടണ്‍ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഉല്‍പാദനത്തേക്കാള്‍ 12.71 ദശലക്ഷം ടണ്‍ അധികമായിരിക്കുമിതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഖാരിഫ് സീസണില്‍ 149.56 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം. 151.43 ദശലക്ഷം ടണ്‍ ആയിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അരിയുല്‍പാദനം 107.04 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.കരിമ്പ് ഉല്‍പാദനം 419.25 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരുത്തിയുല്‍പാദനത്തിലും വര്‍ധനവുണ്ടായേക്കും. 36.21 ദശലക്ഷം ടണ്ണാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.