Connect with us

Kerala

കെ എഫ് ഡി സി ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതായ സ്ത്രീയെ കണ്ടെത്താനായില്ല; കാത്തിരിപ്പിന് 13 വര്‍ഷം

കെ എഫ് ഡി സി പമ്പ ഡിവിഷനിലെ ഓഫീസ് ക്ലാര്‍ക്ക് ഭൂലോക ലക്ഷ്മി(40)യെയാണ് 2011 ആഗസ്റ്റ് 13ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

Published

|

Last Updated

പത്തനംതിട്ട | കേരള വനം വികസന കോര്‍പ്പറേഷന്റെ കൊച്ചുപമ്പ ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുളള കാത്തിരിപ്പിന് 13 വര്‍ഷം. കെ എഫ് ഡി സി പമ്പ ഡിവിഷനിലെ ഓഫീസ് ക്ലാര്‍ക്ക് ഭൂലോക ലക്ഷ്മി(40)യെയാണ് 2011 ആഗസ്റ്റ് 13ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

കൊച്ചു പമ്പ ഫോറസ്റ്റ് ചെക്‌പോസ്റ്റിനു സമീപത്തെ കെ എഫ് ഡി സി ക്വാര്‍ട്ടേഴ്സിലാണ് വാച്ചറായ ദാനിയേലും ഭാര്യ ഭൂലോക ലക്ഷ്മിയും താമസിച്ചിരുന്നത്. തിരുനെല്‍വേലിയില്‍ പഠിച്ചിരുന്ന മകള്‍ ബെന്‍സിയെ കാണാനായി 13ന് രാവിലെ 10.45നാണ് പത്തനംതിട്ട-ഗവി-കുമളി കെ എസ് ആര്‍ ടി സി ബസില്‍ ദാനിയേല്‍ യാത്ര തിരിക്കുന്നത്. ഈ സമയം ഭൂലോക ലക്ഷ്മി പമ്പാ ഓഫീസിലേക്ക് ജോലിക്കായി പോയിരുന്നു. ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ വൈകീട്ട് അയല്‍വാസിയായ അന്നക്കുട്ടിക്കൊപ്പമാണ് തിരിച്ചെത്തിയത്.

14ാം തീയതി മകളുടെ അടുത്ത് എത്തിയ ദാനിയേല്‍ രാവിലെ ഏഴോടെ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പരിഭ്രാന്തിയിലായ ദാനിയേല്‍ 16ാം തീയതി രാവിലെ 7.30ന് കുമളി-ഗവി-പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസില്‍ തിരികെ കൊച്ചുപമ്പയില്‍ എത്തി. ക്വാര്‍ട്ടേഴ്സ് പൂട്ടിക്കിടക്കുന്നതായും മുറിക്കുള്ളിലും ക്വാര്‍ട്ടേഴ്‌സിന് പുറത്തും ലൈറ്റ് ഉണ്ടായിരുന്നതായും കണ്ടു. തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് ദാനിയേലിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണങ്ങള്‍ എങ്ങുമെത്താതായതോടെ ദാനിയേല്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസ് ലോക്കല്‍ പോലീസില്‍ നിന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ചിനു കൈമാറി.

പല ക്രൈം ബ്രാഞ്ച് സംഘങ്ങളും മാറി മാറി അന്വേഷണം നടത്തി. വനപാലകര്‍ അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പല ഘട്ടത്തിലും പ്രതികളെ കണ്ടെത്തിയതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് ദാനിയേല്‍ പറയുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് ഏതാനും ദിവസം മുമ്പ് വീണ്ടും നിവേദനം നല്‍കി. തിരോധാനത്തിന് പിന്നില്‍ പമ്പയില്‍ ഉണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്കുണ്ടോയെന്ന സംശയം ദാനിയേല്‍ പോലീസിന് മുമ്പില്‍ മൊഴിയായി നല്‍കിയിരുന്നു.
ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പല സംഘങ്ങളും നടത്തിയെങ്കിലും ഉന്നത ഇടപെടലുകള്‍ തടസ്സപ്പെടുത്തുന്നതായി ദാനിയേല്‍ സംശയിക്കുന്നു.

ഇതിനിടെ മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ ഭൂലോക ലക്ഷ്മിയെ കണ്ടെത്തിയതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. അവിടെയെല്ലാം ദാനിയേല്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. കേസ് അന്വേഷണം തുടരുന്നതിനാല്‍ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് ഇന്നും ഒഴിഞ്ഞിട്ടില്ല. കെ എഫ് ഡി സിയില്‍ നിന്ന് ഭൂലോക ലക്ഷ്മിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും തീര്‍പ്പാക്കിയിട്ടില്ല. 2019ല്‍ ദാനിയേല്‍ കെ എഫ് ഡി സിയില്‍ നിന്ന് വിരമിച്ചു. മകളെ ആയൂരിലേക്ക് വിവാഹം ചെയ്തയച്ചു. മകന്‍ ബെന്നിക്കൊപ്പം ഇപ്പോള്‍ കൊല്ലത്താണ് താമസം. തിരുവല്ല ക്രൈം ബ്രാഞ്ച് സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്. വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ പലതുണ്ടെങ്കിലും തന്റെ ഭാര്യയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹതകളുടെ ചുരുളുകള്‍ അഴിയുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ദാനിയേല്‍.

 

Latest