Connect with us

belur magna elephant

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്

ആന ഇപ്പോള്‍ മാനിവയല്‍ പ്രദേശത്തെ വനത്തിലാണുള്ളത്

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ ഭീതിവിതച്ച ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്കു പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളത്.

ഇന്നലെ രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്നു വനം വകുപ്പ് അറിയിച്ചു. രാത്രിയില്‍ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും അധികൃതര്‍ ഒരുക്കിയിരുന്നു.

ആദ്യ ദിവസങ്ങളില്‍ ആന നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മാനിവയല്‍. മണ്ണുണ്ടി മുതല്‍ മാനിവയല്‍ വരെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനപ്രദേശത്ത് തന്നെയാണ് ആന ഇതുവരെയും സഞ്ചരിച്ചത്. മയക്കുവെടിവെക്കല്‍ ദൗത്യം അഞ്ചാംദിനത്തിലേക്കു നീളുകയാണ്. ബേലൂര്‍ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ദുഷ്‌കരമാക്കിയിട്ടുണ്ട്. ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിനു മുതിര്‍ന്നിരുന്നു.

Latest