helicopter accident
ഹെലിക്കോപ്ടര്‍ ദുരന്തത്തിന്റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു
വലിയ ശബ്ദത്തോടെ തകര്‍ന്ന് വീഴുന്നതിന് തൊട്ട് മുമ്പ് കനത്ത മൂടല്‍ മഞ്ഞിലേക്ക് കോപ്ടര്‍ പ്രവേശിക്കുന്നതായി ദൃശ്യത്തില്‍ കാണാം
കൂനൂര്‍ | രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തുമടക്കം 13 പേരുടെ ജീവനെടുത്ത ഹെലികോപ്ടര്‍ അപകടത്തിന്റെ അവസാന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അപ്പര്‍ കൂനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്.
ജോ പോള്‍ എന്ന കല്യാണ് ഫോട്ടോഗ്രഫറാണ് ഹെലികോപ്ടറിന്റെ അവസാന ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തന്റെ സുഹൃത്തിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കട്ടേരി മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് ഇയാള്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തിയത്. വലിയ ശബ്ദത്തോടെ തകര്‍ന്ന് വീഴുന്നതിന് തൊട്ട് മുമ്പ് കനത്ത മൂടല്‍ മഞ്ഞിലേക്ക് കോപ്ടര്‍ പ്രവേശിക്കുന്നതായി ദൃശ്യത്തില്‍ കാണാം. തകര്‍ന്നോ എന്ന് ഒരാള്‍ ചോദിക്കുന്നതിന്റെ ശബ്ദ റെക്കോര്‍ഡും വീഡിയോയിലുണ്ട്.
ഹെലികോപ്ടര്‍ കണ്ടപ്പോള്‍ താന്‍ വീഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചു. പെട്ടെന്ന് തന്നെ അത് കാഴ്ചയില്‍ നിന്നും മറഞ്ഞു. പിന്നീട് വലിയ ശബ്ദത്തോടെ അത് തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ജോ പോള്‍ പിന്നീട് പറഞ്ഞു.