Connect with us

Organisation

പ്രവാചക കാരുണ്യം ആധുനിക ലോകം ആഴത്തില്‍ ചര്‍ച്ച ചെയ്യണം: പേരോട്

പ്രവാചകരുടെ ജീവിത ദര്‍ശനം ശാന്തിയുടെയും സമാധാനത്തിന്റേതുമാണ്. അത് പിന്‍പറ്റി ജീവിക്കുക എന്നതാണ് ആധുനിക ലോകത്തും സമാധാനം പുലരാനുള്ള വഴി.

Published

|

Last Updated

ജിദ്ദ | സ്‌നേഹവും കാരുണ്യവും അന്യം നിന്നു പോകുന്ന ആധുനിക യുഗത്തില്‍ പ്രവാചകരുടെ കാരുണ്യ സ്പര്‍ശമുള്ള ജീവിതം ചര്‍ച്ച ചെയ്യുന്നത് ഏറെ പ്രസക്തിയുള്ളതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി. തിരു നബി (സ) യുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകരുടെ ജീവിത ദര്‍ശനം ശാന്തിയുടെയും സമാധാനത്തിന്റെയും ആണെന്നും അത് പിന്‍പറ്റി ജീവിക്കുക എന്നതാണ് ആധുനിക ലോകത്തും സമാധാനം പുലരാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. തിരു നബി (സ) യോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രവാചകരുടെ ജന്മ ദിനത്തില്‍ സന്തോഷിക്കുന്നത് അവരോടുള്ള സ്‌നേഹപ്രകടനമാണെന്നും പേരോട് വ്യക്തമാക്കി.

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഒ എം തരുവണ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കാലത്തും ഉയര്‍ന്നു വന്നിട്ടുള്ള ആദര്‍ശ ധീരരായ പണ്ഡിത മഹത്തുക്കള്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും ഈ പണ്ഡിതരുടെ പ്രവര്‍ത്തനങ്ങള്‍ ആണ് കേരളത്തിലെ ഇസ്ലാമിക തനിമയുടെ കാരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ പ്രസിഡന്റ് ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ച മീലാദ് പ്രോഗ്രാമില്‍ സയ്യിദ് ഹബീബ് അല്‍ ബുഖാരി തങ്ങള്‍, മുജീബ് എ ആര്‍ നഗര്‍, അബ്ബാസ് ചെങ്ങാനി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 40 ബസുകളിലായി രണ്ടായിരത്തോളം വിശ്വാസികളെ റബീഉല്‍ അവ്വല്‍ ആദ്യ വെള്ളിയാഴ്ച മദീനയില്‍ എത്തിച്ച ഐ സി എഫ് സമൂഹ മദീന സിയാറ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ നേതാക്കള്‍ അനുമോദിച്ചു.

എംബസിക്ക് കീഴില്‍ ഹാജിമാര്‍ക്ക് സ്തുത്യര്‍ഹമായ സേവനം ചെയ്ത ഐ സി എഫിന് എംബസ്സിയില്‍ നിന്നും ലഭിച്ച മൊമെന്റോ, പരിപാടിയില്‍ വെച്ച് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഐ സി എഫ് ജിദ്ദ നേതാക്കള്‍ക്ക് കൈമാറി. ഐ സി എഫ് ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വേദിയില്‍ വെച്ച് വിതരണം ചെയ്യപ്പെട്ടു.

 

Latest