Kerala
കാലവർഷം നേരത്തേ വിടവാങ്ങും; 38 ശതമാനം മഴക്കുറവ്
കൂടുതൽ മഴക്കുറവ് വയനാട്ടിലും ഇടുക്കിയിലും
കോഴിക്കോട് | സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തേ വിടവാങ്ങും. ഈ മാസം 25 ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ഇന്നലെവരെയുള്ള കണക്കനുസരിച്ച് 38 ശതമാനമാണ് മഴക്കുറവ്. വയനാട്ടിലും ഇടുക്കിയിലുമാണ് മഴക്കുറവ് കൂടുതൽ. യഥാക്രമം : 56, 55 ശതമാനം. പത്തനംതിട്ടയിൽ അത്യാവശ്യം നല്ല മഴ ലഭിച്ചു. ജില്ലയിൽ 16 ശതമാനം മാത്രമാണ് മഴക്കുറവ്. ആലപ്പുഴ-20, കണ്ണൂർ-24, എറണാകുളം-30, കാസർകോട്-27, കൊല്ലം-23, കോട്ടയം-43, കോഴിക്കോട് – 43, മലപ്പുറം-38, പാലക്കാട് -45, തിരുവനന്തപുരം-27, തൃശൂർ-44, മാഹി-21 എന്നിങ്ങനെയാണ് മഴക്കുറവിന്റെ കണക്ക്.
ഈ വർഷം ജൂൺ ഒന്ന് മുതലാണ് മൺസൂൺകാലം ആരംഭിച്ചത്. ആദ്യ മൂന്ന് മാസങ്ങളിൽ 46 ശതമാനമായിരുന്നു മഴക്കുറവ്. മഴ കുറഞ്ഞതോടെ താപനിലയും ക്രമാതീതമായി വർധിച്ചു. രാവിലെ 11 മുതൽ മൂന്ന് വരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശവും പുറപ്പെടുവിച്ചു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ കാലയളവിൽ ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കേണ്ട സാഹചര്യം അപൂർവമായിരുന്നു. 35 മുതൽ 36 ഡിഗ്രി വരെയായി താപനില വർധിച്ചു.
എന്നാൽ, സെപ്തംബറിൽ ലഭിച്ച മഴ ആശ്വാസമായി. മഴക്കുറവിന്റെ തോത് കുറക്കുന്നതിനും ഇത് സഹായകമായി. മഴ മാറിനിന്നത് സംസ്ഥാനത്തെ കാർഷിക മേഖലയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടാതെ, നദികളിൽ ജലനിരപ്പ് കുറഞ്ഞു. ഇത് പൂർണമായും പരിഹരിക്കാനായില്ലെങ്കിലും ഈ മാസം ലഭിച്ച മഴ പ്രതീക്ഷയേകുന്നതാണ്.
നിലവിൽ കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 25.2 മുതൽ 33.4 ഡിഗ്രി . രാജസ്ഥാനിൽ നിന്നാണ് കാലവർഷം പിൻമാറിത്തുടങ്ങുക. കേരളത്തിൽ നിന്ന് അവസാനവും. രാജസ്ഥാനിൽ അതിമർദ മേഖല സാവധാനം രൂപപ്പെടുന്നുണ്ട്. നിലവിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്.
ഒക്‌ടോബർ മധ്യത്തോടെയാണ് തുലാമാസം ആരംഭിക്കുന്നത്. തുലാവർഷത്തിൽ ഇത്തവണ മഴ കുറയുമെന്നാണ് ചില കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നതെങ്കിലും തുലാവർഷം ഇത്തവണ സാധാരണ പോലെ ലഭിക്കാനാണ് സാധ്യതയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ മിക്ക ജില്ലകളിലും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.