Kuwait
റമളാന്‍ മാസം വിശ്വാസത്തെ നവീകരിക്കുന്നു: പേരോട് അബ്ദുറഹ്മാന്‍ സഖാഫി
റമളാന്‍ മാസം വിശ്വാസി സമൂഹത്തിന് പ്രചോദനമാകേണ്ടതുണ്ട്
കുവൈത്ത് | വിശ്വാസത്തേയും അതു വഴി മാനവിക ബോധത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെയും നവീകരിക്കുകയാണ് ഓരോ റമളാനും നിര്‍വഹിക്കുന്നതെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി.
പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവികളെയും സ്വന്തം നിയന്ത്രണത്തിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞ മനുഷ്യനെ സ്രഷ്ടാവായ അല്ലാഹുവിന്റെ അടിമയാണ് താനെന്ന ബോധമാണ് മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മാനവികത, സഹജീവി സ്‌നേഹം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളില്‍ ദൈനം ദിന ഇടപാടുകളെ ക്രമപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട മുസ്ലിമായി ജീവിക്കാന്‍ സമാഗതമാകുന്ന റമളാന്‍ മാസം വിശ്വാസി സമൂഹത്തിന് പ്രചോദനമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച റമളാന്‍ മുന്നൊരുക്ക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിഎഫ് കുവൈത്ത് പ്രസിഡണ്ട് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബ്ദുല്‍ റസാഖ് സഖാഫി നന്ദിയും പറഞ്ഞു.