Kerala
സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എ എം എം എ പരാജയപ്പെട്ടു; ഹേമ കമ്മിറ്റി റിപോർട്ടിൽ സുതാര്യമായ അന്വേഷണം വേണം: രാജീവ് ചന്ദ്രശേഖര്‍
സ്ത്രീകള്‍ക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവകാശം ഇന്ത്യയിലെവിടെയും ഉണ്ട്.
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോർട്ടിൽ സുതാര്യമായ അന്വേഷണം അനിവാര്യമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സിനിമാ മേഖലയിലെ സംഘടനകളായ ‘എ എം എം എ’ ഉള്‍പ്പെടെ ഉള്ളവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ചില ആളുകള്‍ക്ക് കൂടുതല്‍ അധികാരമുണ്ട്. അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനത്തില്‍ നടപടി മൂടി വെയ്ക്കാന്‍ പാടില്ല.സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവകാശം ഇന്ത്യയിലെവിടെയും ഉണ്ട്. അവര്‍ ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അവരുടെ മൗലികാവകാശമാണത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വനിതാ സംവരണ ബില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഉദ്യമങ്ങള്‍ ഗണ്യമായി പുരോഗമിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.