Articles
മുഖപത്രം പിറക്കുന്നു; രിസാല
1983 നവംബർ. കോഴിക്കോട് എം എം അലി റോഡിലെ മുഗൾ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഒരു ചരിത്രപിറവിക്ക് സാക്ഷിയാകാനെത്തിയ നൂറുകണക്കിന് സുന്നിപ്രവർത്തകർ. ധാർമിക വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുഖപത്രം പ്രകാശിതമാകുന്നതിന്റെ ആഹ്ലാദത്തിലാണ് അവർ. രിസാല, ആ ധർമാക്ഷരിയെ അവർ അങ്ങനെ പേരിട്ടു വിളിച്ചു.
1983 നവംബർ. കോഴിക്കോട് എം എം അലി റോഡിലെ മുഗൾ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഒരു ചരിത്രപിറവിക്ക് സാക്ഷിയാകാനെത്തിയ നൂറുകണക്കിന് സുന്നിപ്രവർത്തകർ. ധാർമിക വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുഖപത്രം പ്രകാശിതമാകുന്നതിന്റെ ആഹ്ലാദത്തിലാണ് അവർ. രിസാല, ആ ധർമാക്ഷരിയെ അവർ അങ്ങനെ പേരിട്ടു വിളിച്ചു.
നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും മനംനിറഞ്ഞ ദിനമായിരുന്നുവത്. സമുദായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം നൽകാനുള്ള വലിയൊരു പരിശ്രമത്തിന്റെ ഭാഗമായ സന്തോഷം.
1980ൽ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി ആൻഡ് ലിറ്റററി സെല്ലിന്റെ കീഴിലാണ് സംഘടനാ പ്രസിദ്ധീകരണത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇസ്മാഈൽ വഫ, ടി പി അബൂബക്കർ, മൊയ്തീൻ ഫൈസി പുത്തനഴി, കെ എ അബു, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി തുടങ്ങിയവരാണ് ചർച്ചകളുടെ മുൻനിരയിൽ ഉണ്ടായിരുന്നത്. വെള്ളില മുഹമ്മദ് ഫൈസി, അബ്ദുർറസാഖ് കൊറ്റി എന്നിവരുടെ പേരുകളും രിസാലയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ടതാണ്.
ഇസ്്ലാമിക് പബ്ലിഷിംഗ് ബ്യൂറോ നിലവിൽ വന്നതോടെ അതിന് ശരവേഗം കൈവന്നു. ഐ പി ബിക്ക് കീഴിൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾക്ക് വായനക്കാർ നൽകിയ സ്വീകരണവും പത്ര മാധ്യമങ്ങൾ സുന്നി വാർത്തകളോട് പുലർത്തിയ അവഗണനയുമാണ് രിസാലയുടെ പിറവിക്ക് നിദാനമായത്. രൂപവത്കരണ വാർത്തയുൾപ്പെടെ സംഘടന നൽകിയതൊന്നും മുസ്്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, സലഫി സംഘടനാ വാർത്തകൾക്കും പ്രസ്താവനകൾക്കും പത്രം അമിത പ്രാധാന്യം നൽകുകയും ചെയ്തു. 1983ലെ ദശവാർഷിക പദ്ധതികൾ ലൈവായി ജനങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്നതും രിസാലയുടെ പിറവിക്ക് കാരണമായി.
സാമ്പത്തിക അപര്യാപ്തയായിരുന്നു രിസാലക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. എന്നാൽ, നേരത്തേ തന്നെ സ്വന്തമായൊരു പ്രസിദ്ധീകരണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രംഗത്തിറങ്ങിയിരുന്ന എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പിന്തുണ പ്രാരാബ്ധങ്ങൾ മറികടക്കാൻ സംഘടനയെ പ്രാപ്തമാക്കി. മേൽഘടകത്തിന്റെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതോടെ തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്തുത പദ്ധതി ഉപേക്ഷിക്കുകയും ശേഖരിച്ച പണം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു.
രിസാല, സന്ദേശം, സരണി തുടങ്ങിയ പേരുകളായിരുന്നു പ്രസിദ്ധീകരണത്തിന് പരിഗണിച്ചിരുന്നത്. സർക്കാറിൽ നിന്നുള്ള അനുമതി ലഭിച്ചത് രിസാലക്കായിരുന്നു. അങ്ങനെയാണ് രിസാല എന്ന പേര് അന്തിമമായി തിരഞ്ഞെടുക്കുന്നത്. ഓരോ ജില്ലയിൽ നിന്നും നൂറ് വരിക്കാരെ കണ്ടെത്താനായിരുന്നു ആദ്യത്തെ പ്ലാൻ. കൂടാതെ രിസാലക്കായി നൂറ് രൂപയുടെ നൂറ് ഷെയറുകൾ ചേർക്കാനും തീരുമാനമായി. 18 രൂപയായിരുന്നു വാർഷിക വരിസംഖ്യ.
ക്രമേണ പിന്നാക്കാവസ്ഥയിൽ നിലനിന്ന സമൂഹത്തിന് അക്ഷരങ്ങളിലൂടെ അവരുടെ ആത്മാവിനെ തൊട്ടുണർത്താനും ലോകസാഹചര്യങ്ങളെ വിലയിരുത്താനും മതഭൗതിക വിജ്ഞാനങ്ങൾ പകർന്നു നൽകാനുമുള്ള സാഹിതീയമായ ആവിഷ്‌കരണമായും രിസാല മാറി. സത്യം തുറന്നുപറയാൻ മുഖ്യധാര മാധ്യമങ്ങൾ മടിച്ചു നിന്നപ്പോൾ യാഥാർഥ്യത്തെ അവതരിപ്പിക്കാനും സമുദായത്തിന് നേരെയുള്ള ആക്രമണങ്ങളെ ചെറുത്തു തോൽപിക്കാനും രിസാല നിയോഗിക്കപ്പെടുകയായിരുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് കീഴടങ്ങാൻ രിസാല ഒരിക്കലും തലവെച്ചുകൊടുത്തില്ല. യാഥാർഥ്യത്തെ ഉള്ളതുപോലെ അവതരിപ്പിച്ചു. അതിന്റെ പേരിൽ വലിയ വിമർശങ്ങൾ ഏറ്റുവാങ്ങി. പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ രിസാല തയ്യാറായില്ല. ആദ്യം മാസികയായും പിന്നീട് ദ്വൈവാരികയായും വാരികയായും പ്രവാസി രിസാലയായും രിസാല അപ്‌ഡേറ്റായും വികാസം പ്രാപിച്ച സംഘടനാ മുഖപത്രത്തിന്റെ വളർച്ചയുടെ നാൾവഴികളെ നിർണയിക്കുന്നതിൽ ഈ നിലപാടുകൾക്ക് നിർണായക സ്വാധീനമുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ട് കൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്്ലിംകളുടെയും നിലപാടും ശബ്ദവുമായി രിസാല സാന്നിധ്യമുറപ്പിച്ചു. ഒരു വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുഖപത്രമെന്ന നിലയിൽ നിന്ന് സമുദായത്തിന്റെയാകെ പരിഛേദമായി രിസാല വളർന്നു.
രിസാലയിലെ അക്ഷരങ്ങളെ ഹൃദയത്തോടു ചേർത്ത് വായിച്ചും എഴുതിയും കേരളീയ സാഹിത്യ മണ്ഡലത്തിലേക്ക് ഉയർന്ന നിരവധിയാളുകളെ കാണാൻ കഴിയും. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെല്ലാം രിസാലയെ രുചിക്കാതെ കടന്നുപോയിട്ടില്ലെന്നതാണ് യാഥാർഥ്യം. വായനക്കാരും എഴുത്തുകാരുമായി രിസാല സർഗാത്മക ബന്ധം കാത്തുസൂക്ഷിക്കുകയും പുലർത്തിപ്പോരുകയും ചെയ്യുന്നു.