Connect with us

Kerala

ജോണ്‍ ബ്രിട്ടാസിനെതിരായ നീക്കം രാജ്യം എത്തിപ്പെട്ട അപകടാവസ്ഥക്ക് ഉദാഹരണം: സിപിഎം

സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ സെക്രട്ടറിയേറ്റ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് നോട്ടിസ് നല്‍കിയതില്‍ പ്രതികരണവുമായി സിപിഎം. ജോണ്‍ ബ്രിട്ടാസ് എം പിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ അജണ്ടക്കും കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായിപോരാടുന്ന ജനപ്രതിനിധിയാണ് ബ്രിട്ടാസെന്നും പ്രസ്താവനയില്‍ പറയുന്നു

ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ണാടകത്തില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ ഉദ്ധരിച്ചു എന്നതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അമിത്ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്ക്കുന്നത്. ബിജെപിയുടെ കൊടിയ പകക്ക് കേരളം ഇടയാകുന്നതിനും കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ഭരണഘടനയുടെ ആര്‍ട്ടിക്കല്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.