Kerala
മദ്‌റസകള്‍ക്കെതിരായുള്ള നീക്കം ഭരണഘടനാ വിരുദ്ധം: ഖലീല്‍ തങ്ങള്‍
അദനീസ് ഗ്ലോബല്‍ കോണ്‍ക്ലേവിന് പ്രൗഢ സമാപനം.
മലപ്പുറം | മഅ്ദിന്‍ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദനി പണ്ഡിതരുടെ സംഗമം അദനീസ് ഗ്ലോബല്‍ കോണ്‍ക്ലേവിന് പ്രൗഢ സമാപനം. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്‌റസകള്‍ക്കെതിരായുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും മതപഠനം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം മതസ്ഥാപനങ്ങളില്‍ ഇടപെട്ട് ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആപത്കരമാണ്. മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ശോചനീയാവസ്ഥ പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നൂതന സംവിധാനങ്ങളിലുള്ള മദ്‌റസകള്‍ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത വിശദീകരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ മാതൃകാ പരമായി പ്രവര്‍ത്തിക്കുന്ന മദ്‌റസാ സംവിധാനങ്ങളുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ശാസ്ത്രീയമായി തന്നെ എല്ലാ സംസ്ഥാനങ്ങളിലും മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത സൗഹാര്‍ദവും സാമൂഹിക പാഠങ്ങളും തുടങ്ങി രാജ്യ സുരക്ഷക്കും വ്യക്തിത്വ വികസനത്തിനുമുതകുന്ന കാര്യങ്ങളാണ് മദ്‌റസകളിലൂടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്ര ബാലവാകശ കമ്മീഷന്റെ മദ്‌റസകള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ഇത് മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങള്‍ക്കെതിരായുള്ള കടന്നുകയറ്റവും ഭരണഘടനക്ക് കടകവിരുദ്ധവുമാണെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഹക്കീം സഖാഫി ആയഞ്ചേരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സംഗമത്തിന്റെ ഭാഗമായി സാലിക കോണ്‍വൊക്കേഷന്‍, അദനീസ് ഫാമിലി മീറ്റ് എന്നിവയും നടന്നു.
പരിപാടിയില്‍ സാലിക ഓണ്‍ലൈന്‍ കോഴ്സ് റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സാലിക ആര്‍ട്സ് ഫെസ്റ്റ് വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും സ്നേഹകുടുംബം ക്വിസ് മത്സര വിജയികള്‍ക്കും സമ്മാനദാനം നടത്തി. നശീദ, ബാച്ച് സമ്മിറ്റ്, സ്നേഹോപഹാര വിതരണം എന്നിവയും നടന്നു. വിവിധ മേഖലകളില്‍ പ്രതിഭാത്വം തെളിയിച്ച അദനിമാരെ ആദരിച്ചു. സംഗമത്തില്‍ അദനീ കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു.
അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അബൂബക്കര്‍ സഖാഫി അരീക്കോട് പ്രസംഗിച്ചു. സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ശിഹാബ് അലി അഹ്സനി മുണ്ടക്കോട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബഷീര്‍ സഅദി വയനാട്, സൈതലവി കോയ, സമദ് ഹാജി, മുനീര്‍ അദനി കൊടുമുടി, മന്‍സൂര്‍ അദനി മേല്‍മുറി, അസ്‌ലം അദനി സംബന്ധിച്ചു.
മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച അദനി ഗ്ലോബല്‍ കോണ്‍ക്ലേവ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.