Connect with us

Kerala

1000 കോടിയെങ്കിലും പിരിക്കാനാണ് നീക്കം; കെ റെയില്‍ പോലെ എ ഐ ക്യാമറയേയും എതിര്‍ത്ത് തോല്‍പ്പിക്കും: കെ സുധാകരന്‍

ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തും.

Published

|

Last Updated

തിരുവനന്തപുരം |  നിലവിലെ രീതിയില്‍ എ ഐ ക്യാമറ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെറെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ റോഡ് ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ക്യാമറ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തും.

അഞ്ച് വര്‍ഷം കൊണ്ട് 424 കോടി രൂപ ജനങ്ങളില്‍നിന്നു പിഴയായി പിരിച്ചു തരാമെന്നാണ് കെല്‍ട്രോണ്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ നിലവിലുള്ള രീതിയില്‍ നടപ്പാക്കിയാല്‍ അത് 1000 കോടിയെങ്കിലും വരും. അതിനു വേണ്ടിയാണ് യാതൊരു തയാറെടുപ്പും ബോധവല്‍ക്കരണവും നടത്താതെ ദ്രുതഗതിയില്‍ പദ്ധതി നടപ്പാക്കിയത്. ഈ മാസം 20ന് പദ്ധതി വീണ്ടും നടപ്പാക്കാന്‍ യാതൊരുവിധ തയ്യാറെടുപ്പോ ബോധവല്‍ക്കരണമോ നടപ്പാക്കുന്നില്ല.

പദ്ധതിക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ വീട്ടില്‍ വരെ എത്തിയിട്ടും ‘എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ’ എന്ന മട്ടില്‍ അദ്ദേഹം നിശബ്ദത പാലിക്കുകയാണ്.മുഖ്യമന്ത്രി എല്ലാ പദ്ധതികളിലുംനിന്ന് കയ്യിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്.

ഉത്തര കൊറിയന്‍ ഏകാധിപതിയേക്കാള്‍ വലിയ സുരക്ഷിതത്ത്വത്തോടെ അദ്ദേഹം നടക്കുന്നത് ജനങ്ങളെ ഭയന്നാണ്. ഏതു പദ്ധതി നടത്തിയാലും അതില്‍ കയ്യിട്ടുവാരുന്ന ഏകാധിപതികള്‍ക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു