Pathanamthitta
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം ചെറുക്കപ്പെടണം: ജോസഫ് എം പുതുശേരി
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം ചെറുക്കപ്പെടണം: ജോസഫ് എം പുതുശേരി
പത്തനംതിട്ട | മാധ്യമങ്ങളുടെ സംരക്ഷകരെന്ന് ഒരുഭാഗത്ത് വീന്പിളക്കുകയും മറുഭാഗത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടുന്ന സമീപനം തുടരുകയും ചെയ്യുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് മുന്‍ എംഎല്‍എ ജോസഫ് എം.പുതുശേരി. വാര്‍ത്തയുടെ ഉറവിടം തേടി മാധ്യമ പ്രവര്‍ത്തകനായ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് പോലീസിന്റെ നീക്കത്തിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി എസ് സി പോലെയുള്ള ഒരു സ്ഥാപനത്തില്‍ നിന്നു ഉദ്യോഗാര്‍ഥികളുടെ പാസ്‌വേഡും ഐഡിയും ഉള്‍പ്പെടെ സൈബര്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിഷയം വാര്‍ത്തയാക്കിയ സംഭവത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ വേട്ടയാടാനുള്ള ശ്രമം നടക്കുന്നത്. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള ഏതൊരു നീക്കത്തെയും കേരള പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും പുതുശേരി പറഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, എഐടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവംഗം ബെന്‍സി തോമസ്, കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, മുന്‍ സംസ്ഥാന സമിതിയംഗം സാം ചെന്പകത്തില്‍, ജില്ലാ ട്രഷറര്‍ എസ്. ഷാജഹാന്‍, വൈസ് പ്രസിഡന്റ് സി.കെ. അഭിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.