Connect with us

Kerala

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിയ്ക്ക് ആർ എസ് എസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് ആർ എസ് എസ് പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രം ജനമനസിലുണ്ട്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി. വരുന്ന ഒരോ പ്രശ്നത്തേയും ജനതാല്പര്യം മുൻനിർത്തി പരിഹരിക്കുന്ന മികച്ച ഭരണാധികാരിയാണ് മുഖ്യമന്ത്രി. കുറ്റകൃത്യങ്ങളിന്മേലുള്ള അന്വേഷണ മികവിന് അടക്കം ദേശീയതലത്തിൽ നൽകുന്ന നിരവധി പുരസ്‌കാരങ്ങൾ 2016 മെയ്‌ മുതൽ
കേരള പോലീസ് നേടിയിട്ടുണ്ട്.

ഫിക്കി സ്മാർട്ട്‌ പോലീസിങ് അവാർഡ്, ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യ എസ് പി ഓഫീസ് കൊല്ലം, സ്ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡ്, കെ സെവൻ സെക്യൂരിറ്റി മെഡൽ ഓഫ് ഹോണർ അവാർഡ്, മികച്ച ഗതാഗത ബോധവൽക്കരണ ആപ്പ് ആയി കേരള പോലീസിന്റെ ട്രാഫിക് ഗുരുവിന് പുരസ്‌കാരം, കേരള പോലീസ് നടപ്പിലാക്കിയ സോഫ്റ്റ്‌ പദ്ധതിയ്ക്ക് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ പുരസ്‌കാരം, കേരള പോലീസ് സൈബർ ഡോമിന് ഇലെറ്റ്സ് പുരസ്കാരം,പാസ്പോർട് വെരിഫിക്കേഷനിലെ കൃത്യതയ്ക്ക് കേന്ദ്ര സർക്കാർ പുരസ്‌കാരം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രത്തിനുള്ള അവാർഡ്,കോബ്സ് ടുഡേ ഇന്റർനാഷണൽ നൽകുന്ന പുരസ്‌കാരം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരങ്ങൾ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ഫിക്കി അവാർഡ്, അഴിമതിയില്ലാത്ത പോലീസ് സേനയ്ക്കുള്ള ഇന്ത്യൻ പോലീസ് ഫൗണ്ടേഷന്റെ ബഹുമതി തുടങ്ങി നിരവധി പുരസ്കാരങ്ങൾ കേരള പോലീസ് കരസ്ഥമാക്കിയിട്ടുണ്ട്.

കേരളത്തിൽ നടന്ന കുറ്റകൃത്യത്തെ പിന്തുടർന്ന് ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി പൂട്ടിച്ച് പ്രബലനായ ഉടമയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. ഇങ്ങനെ വിവിധ മേഖലകളിൽ ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി കേരള പോലീസ് മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

പോലീസിനെതിരെ ഉയർന്നു വരുന്ന പരാതികളിന്മേൽ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്കെതിരെ സർവീസിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളുകയും ചെയ്ത സർക്കാർ ആണിത്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. നിലവിൽ ഉയർന്ന ആരോപണങ്ങളിന്മേലും കൃത്യമായി അന്വേഷണം നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അസോസിയേഷന്റെ സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഉയർന്നു കേട്ട കയ്യടി പോലീസ് സേനാംഗങ്ങൾക്കിടയിലും ഇത്തരം നടപടികൾക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

ഒറ്റപ്പെട്ട ആരോപണങ്ങൾ ഏറ്റുപിടിച്ച് സ്വയംപരിഹാസ്യരാവുകയാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ചെയ്യുന്നത്. മുഖ്യമന്ത്രിയ്ക്ക് ആർ എസ് എസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് ആർ എസ് എസ് പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രം ജനമനസിലുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആകെ ആർ എസ് എസിനെതിരെയുള്ള ജനമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവാണ് പിണറായി വിജയൻ. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആർ എസ് എസ് ശാഖകൾക്ക് കാവൽ നിൽക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം.

പിണറായി വിജയൻ എന്ന ഭരണകർത്താവിന്റെ മികവും മേന്മയും നാം കാണുന്നതാണ്. വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ സമാനതകൾ ഇല്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നത്. ഇതിന് വ്യക്തിപരമായി തന്നെ നേതൃത്വം നൽകിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ജനനായകനെതിരെയുള്ള ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest