Kerala
അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന്
മാഹീന്‍ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക
തിരുവനന്തപുരം | യുവതിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊലെപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട വിദ്യയുടെ പങ്കാളിയായിരുന്ന മാഹീന്‍ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക. ഉച്ചയ്ക്ക് മുമ്പ് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. 2011 ഓഗസ്റ്റ് 19ന് കുളച്ചലില്‍ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്‌നാട് പോലീസ് സംസ്‌കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനില്‍ നിന്ന് അന്വേഷണ സംഘം കേസ് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഊരൂട്ടമ്പലത്തു നിന്ന് 2011 ലാണ് അമ്മയെയും കുഞ്ഞിനെയും കാണാതായത്. തുടക്കം മുതല്‍ തെളിവുകളെല്ലാം മാഹിന്‍ കണ്ണിനെതിരായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിന്‍ കണ്ണിന്റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പോലീസ് കേസ് പൂട്ടിക്കെട്ടുകയും ചെയ്തു.2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി മാറനല്ലൂര്‍ പോലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിന്‍കണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്