National
ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് മാര്‍ച്ച് 17നാണ് ഹൈക്കോടതി ശരിവെച്ചത്.
ന്യൂഡല്‍ഹി | വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിന് കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) സുപ്രീം കോടതിയെ സമീപിച്ചു. വിദ്യാര്‍ഥിനികളായ മുനിസ ബുഷ്‌റ, ജലിസ സുല്‍ത്താന യാസിന്‍ എന്നിവര്‍ക്കൊപ്പമാണ് ബോര്‍ഡ് സെക്രട്ടറി മുഹമ്മദ് ഫസ്‌ലുര്‍ റഹീം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മറ്റൊരു ഹര്‍ജി സുപ്രീം കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഹിജാബ് കേസുമായി ബന്ധപ്പെട്ട നടപടികളില്‍ കക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച സാജിദാ ബീഗമാണ് സുപ്രീം കോടതിയേയും സമീപിച്ചത്. ഹൈക്കോടതിയുടെ തീരുമാനം ഭരണഘടനാപരമായി തെറ്റാണെന്ന് ഹരജിക്കാരി വ്യക്തമാക്കി.
ഹിജാബ് വിഷയം അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയത്തില്‍ വിവാദമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ഹരജിക്കാരായ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ പഠനത്തിന് തടസ്സം നേരിടാതിരിക്കാന്‍ വിഷയം അടിയന്തിരമായി കേള്‍ക്കണമെന്നായിരുന്നു ഹരജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്തിന്റെ ആവശ്യം. എന്നാല്‍ ഹിജാബ് വിവാദത്തിന് പരീക്ഷയുമായി ബന്ധമില്ലെന്ന് കോടതി മറുപടി നല്‍കി.
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് മാര്‍ച്ച് 17നാണ് ഹൈക്കോടതി ശരിവെച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും യൂണിഫോം സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ചട്ടങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയായിരുന്നു കോടതി നടപടി. സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി, കുന്ദാപുര ഗവ. കോളജുകളിലെ 9 വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.