Kuwait
ലോക ഹെറിറ്റേജ് പട്ടികയില്‍ ഇടം നേടി കുവൈത്തിലെ നൈഫ് കൊട്ടാരം
സംഘടനയുടെ ഇസ്ലാമിക് വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പത്താമത്തെ യോഗത്തിലാണ് നൈഫ് കൊട്ടാരത്തെ ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കുവൈത്ത് സിറ്റി | നൈഫ് കൊട്ടാരത്തെ ലോക പൈതൃക പട്ടികയില്‍ ഇസ്ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ISESCO) ഉള്‍പ്പെടുത്തി. സംഘടനയുടെ ഇസ്ലാമിക് വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പത്താമത്തെ യോഗത്തിലാണ് നൈഫ് കൊട്ടാരത്തെ ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നൈഫ് കൊട്ടാരം ഉള്‍പ്പെടുന്നത് ഇസ്ലാമിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നായി അതിന്റെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിനും ലഭിച്ച അംഗീകാരമാണെന്ന് സംഘടനയിലെ കുവൈത്ത് പ്രതിനിധിയും ഇസ്ലാാമിക് വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി തലവനുമായ ഡോ. വലീദ് അല്‍ സെയ്ഫ് പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കുവൈത്തില്‍ ഉണ്ടായിരുന്ന വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യമായാണ് നൈഫ് കൊട്ടാരം നിലനില്‍ക്കുന്നത്. ഖിബ്ല പ്രദേശത്ത് 28,882 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നൈഫ് പാലസ് സ്ഥിതി ചെയ്യുന്നത്. 214 മുറികളാല്‍ ചുറ്റപ്പെട്ട ചതുരാകൃതിയിലാണ് ഇതിന്റെ നിര്‍മാണമെന്നും ഡോ. വലീദ് അല്‍ സെയ്ഫ് വ്യക്തമാക്കി.