Articles
നിഷ്‌കളങ്കമല്ല ആ പേര് മാറ്റം
ഇന്ത്യ എന്നത് ആധുനികമായ ഒരു രാഷ്ട്രീയ വീക്ഷണഗതിയുടെ ആകത്തുകയാണ്. ഭാരതത്തില്‍ നിന്നും ഹിന്ദുസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള രാഷ്ട്രത്തിന്റെ പ്രയാണം, പൗരസമത്വം ഉദ്ഘോഷിക്കുന്ന, സാമൂഹികമായ അന്തസ്സും അഭിമാനവും ധനമാനാദികളുടെ സംരക്ഷണവും ഉറപ്പാക്കുന്ന, മതേതര ജനാധിപത്യ മൂല്യങ്ങളുടെ മേല്‍ കെട്ടിപ്പടുത്ത, നവീന ആശയസംഹിതകളെ താലോലിക്കുന്ന ശ്രേഷ്ഠമായ ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ദ്യോതിപ്പിക്കുന്നത്.
ഇന്ത്യയിലെ പ്രതിപക്ഷ മതേതര ചേരി ദേശീയ പ്രശ്നങ്ങളെ ഉപരിപ്ലവകരമായും അതീവ ലാഘവത്തോടെയും സമീപിക്കുന്നിടത്താണ് ആര്‍ എസ് എസ് ലക്ഷ്യം കൈവരിക്കുന്നതും ഹിന്ദുത്വ പ്രത്യയശാസ്ത്രം വിജയിക്കുന്നതും. ഇന്ത്യ അകപ്പെട്ട അഭൂതപൂര്‍വമായ പ്രതിസന്ധിയുടെ നിദാനം മറ്റൊന്നല്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി 20 ഉച്ചകോടിയിലേക്ക് അതിഥികളെ ക്ഷണിച്ചുകൊണ്ടെഴുതിയ കത്തില്‍ “പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ആരും ഞെട്ടിയില്ല.
ഔദ്യോഗിക രേഖയില്‍ നിന്ന് പൊടുന്നനെ ഇന്ത്യ അപ്രത്യക്ഷമാകുമ്പോള്‍ ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് അത് നിമിത്തമാകേണ്ടതായിരുന്നു. ഉണ്ടായില്ല എന്ന് മാത്രമല്ല, പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’യെ കണ്ട് വെപ്രാളപ്പെട്ടാണ് ഭാരതത്തെ കയറിപ്പിടിച്ചതെന്ന തരത്തിലുള്ള വിലയിരുത്തലാണ് പല നേതാക്കളില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. പാര്‍ലിമെന്റിന്റെ സവിശേഷ സമ്മേളനത്തിന് തീയതി കുറിച്ചതോടെ അതിന്റെ അജന്‍ഡ പുറത്തുവിടാത്തതിലുള്ള കുണ്ഠിതം രേഖപ്പെടുത്തുന്നതല്ലാതെ, നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസും പൂര്‍ത്തിയാക്കാന്‍ പോകുന്ന രാഷ്ട്രീയ യജ്ഞത്തിന്റെ ഉള്ളടക്കം സഗൗരവം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതിലെ അപകടം ഈ രാജ്യത്തോളം വലുതാണ്. നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനിലിരുന്ന് കാവി ബുദ്ധിജീവികള്‍ ഒരു നൂറ്റാണ്ടായി രൂപഭാവം നല്‍കിക്കൊണ്ടിരിക്കുന്ന ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഔദ്യോഗികമായ ചുവടുവെപ്പാണ് ഭാരതത്തിലേക്കുള്ള തിരിച്ചുപോക്കിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ലല്ലോ.
ബി ജെ പിയും സംഘ്പരിവാരവും വീണുകിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിക്കുകയാണ്. “ഇന്ത്യ’ എന്ന സംജ്ഞയിലൂടെ തങ്ങളുയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളി നേരിടാനുള്ള തന്ത്രമാണ് ഭാരതത്തിലേക്ക് എടുത്തുചാട്ടം എന്ന മതേതര ചേരിയുടെ ചിന്ത നിഷ്‌കളങ്കതയുടേതാണ്. അപകടകരമായ ഇമ്മട്ടിലുള്ള നിഷ്‌കളങ്കതയാണ് രാജ്യത്തെ ഇപ്പരുവത്തിലാക്കിയത്. യഥാര്‍ഥത്തില്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ഇങ്ങനെയൊരു അവസരം സംഘ്പരിവാര്‍ നേതൃത്വം കാത്തിരിക്കുകയായിരുന്നു. സെപ്തംബര്‍ ഒന്നിന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് അസമിലെ ഗുവാഹത്തിയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന് അത് വ്യക്തമാണ്. “കാലങ്ങളായി നമ്മുടെ രാജ്യത്തിന്റെ പേര് ഭാരതം എന്നാണ്. ഭാഷ എന്തായാലും ശരി പേര് ഒന്നാണ്. നമ്മുടെ രാജ്യം ഭാരതമാണെന്നതിനാല്‍ ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ഭാരതം എന്ന് എല്ലാ പ്രായോഗിക തലങ്ങളിലും ഉപയോഗിക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ മാറ്റമുണ്ടാകൂ. ഭാരതമെന്ന് നാം വിളിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് വിശദീകരിച്ചു കൊടുക്കുകയും വേണം’. സെപ്തംബര്‍ ആറിന് നാഗ്പൂരില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ എസ് എസ് തലവന്‍ ഒരു പടി മുന്നോട്ടു കടന്നു പറഞ്ഞു: ഇക്കാണുന്ന യുവതലമുറ വാര്‍ധക്യത്തിലേക്ക് കടക്കുമ്പോഴേക്കും അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകും. നിങ്ങള്‍ പരിശ്രമിക്കുകയാണെങ്കില്‍ അഖണ്ഡ ഭാരതം സഫലമാകുകയും ഭൂപടം താനേ മാഞ്ഞ് നമ്മില്‍ നിന്ന് വിട്ടുപോയവര്‍ തിരിച്ചെത്തുകയും ചെയ്യും’. ഇന്നത്തെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും മ്യാന്‍മറുമൊക്കെ ഉള്‍ക്കൊള്ളുന്ന പ്രവിശാലമായ ഭൂവിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള അഖണ്ഡ ഭാരതത്തെ കുറിച്ചാണ് വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറുമൊക്കെ സ്വപ്നം കണ്ടതെന്ന് സുവിദിതമാണല്ലോ.
ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും
ഇന്ത്യയും ഭാരതവും തമ്മിലുള്ള ഇപ്പോഴത്തെ പോര് രണ്ട് നാമങ്ങള്‍ തമ്മിലുള്ള മേധാവിത്ത മത്സരത്തിനപ്പുറം രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമായി വേണം വിലയിരുത്താന്‍. ഭാരതം എന്ന പേര് അതിപൗരാണികമാണെന്നും ഇന്ത്യ എന്നത് ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നുമുള്ള ആര്‍ എസ് എസ് വാദം ചരിത്രപരമായ അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. കോളനി ശക്തികളുടെ വരവിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ നമ്മുടെ രാജ്യം ഗ്രീക്ക്, റോമന്‍, അറബ് നാഗരികതക്കിടയില്‍ അറിയപ്പെട്ടത് ഹിന്ദ് എന്ന പേരിലാണ്. വേദപുസ്തകങ്ങളിലെവിടെയും ഭാരതത്തെ കണ്ടെത്താനാകില്ല. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്റെ കാലത്ത് അറബ് സമൂഹത്തിനിടയില്‍ ഹിന്ദ് വളരെ സുപരിചിതമായ പേരാണ്. “സൈഫുല്‍ ഹിന്ദ്’ (ഇന്ത്യയുടെ വാള്‍) എന്ന വിശേഷണം ഉദാഹരണം. ചരിത്രാതീത കാലം മുതല്‍ക്കേ തങ്ങളുടെ ഇഷ്ടപുത്രിമാര്‍ക്ക് ഹിന്ദ് എന്ന പേരാണ് വിളിക്കാറെന്നും അബൂസുഫിയാന്‍ എന്ന ഖുറൈശി നേതാവിന്റെ പത്നി ഹിന്ദിന്റെ പേര് ആകസ്മികമല്ലെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലായിരുന്ന ഡോ. ഉമര്‍ നസീഫ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ ഇന്ത്യയായി രൂപാന്തരപ്പെട്ട ഹിന്ദ് എന്ന പേരിന്റെ വ്യുല്‍പ്പത്തി ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് വി ഡി സവര്‍ക്കര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദിക്കരയിലും അതിന്റെ കിഴക്കെ ഭൂവിഭാഗത്തിലും അധിവസിക്കുന്ന മനുഷ്യരെയാണ് ഹിന്ദുവെന്ന് വിളിച്ചിരുന്നത്. “സ’ ഉച്ചരിക്കാന്‍ പ്രയാസം നേരിട്ടപ്പോഴാണ് സിന്ദു ഹിന്ദുവാകുന്നത്. പ്രത്യേക ഭൂവിഭാഗത്തില്‍ ജീവിക്കുന്നവരെ വിവക്ഷിക്കുന്ന പദമാണ് ഹിന്ദുവെന്നത്. കാലാന്തരേണ അത് ഒരു മതവിഭാഗമായി ലോകം വിശേഷിപ്പിക്കുകയായിരുന്നു. അഫ്ഘാനികളും അടിമ വംശജരും സുല്‍ത്താന്മാരും മുഗളന്മാരുമൊക്കെ എട്ട് നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന പേരിലാണ് ഈ ഭൂഖണ്ഡം അറിയപ്പെട്ടത്. മധ്യകാല ചരിത്രപുസ്തകങ്ങളിലും സാഹിത്യത്തിലുമെല്ലാം ഹിന്ദുസ്ഥാനേ കാണാനാകൂ. സൂഫീവര്യനായ ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ അരുമ ശിഷ്യന്‍ മഹാകവി അമീര്‍ കുസ്റുവാണ് ഹിന്ദുസ്ഥാന്‍ എന്ന പേര് കരുപ്പിടിപ്പിച്ചതും പ്രചരിപ്പിച്ചതുമെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതം വിഷ്ണുപുരാണം പോലുള്ള സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഒതുങ്ങി. അതില്‍ വിവരിക്കുന്ന ഭാരതം ഇന്ന് കാണുന്ന ഇന്ത്യയോ ആര്‍ എസ് എസിന്റെ സ്വപ്നത്തിലുള്ള അഖണ്ഡ ഭാരതമോ അല്ല. ഹിമാലയ സാനുക്കള്‍ക്കും വിന്ധ്യ പര്‍വതങ്ങള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന മധ്യദേശമാണ് വിഷ്ണു പുരാണത്തില്‍ വിവരിക്കുന്ന ഭാരതവര്‍ഷം. ദക്ഷിണേന്ത്യ ഭാരതവര്‍ഷത്തിന് പുറത്താണ്. ഇന്ത്യയെ വെട്ടിമാറ്റി ഭാരതത്തെ പുണരുമ്പോള്‍ ഉയരുന്ന എതിര്‍പ്പിന് പ്രത്യയശാസ്ത്രപരമായും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഭാഷാപരമായും അടിസ്ഥാനമുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് മോദി സര്‍ക്കാറിന്റെ നീക്കത്തിലെ അപകടത്തിനെതിരെ ജാഗരൂകരാകേണ്ടി വരുന്നത്. ഭരണഘടനയുടെ ഒന്നാം അനുഛേദത്തിലെ “ഇന്ത്യ അതായത് ഭാരതം’ എന്ന പ്രയോഗത്തിനര്‍ഥം ഇന്ത്യയും ഭാരതവും ഒന്നാണ് എന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാകും. ഇന്ത്യ എന്നത് ആധുനികമായ ഒരു രാഷ്ട്രീയ വീക്ഷണഗതിയുടെ ആകത്തുകയാണ്. ഭാരതത്തില്‍ നിന്നും ഹിന്ദുസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള രാഷ്ട്രത്തിന്റെ പ്രയാണം, പൗരസമത്വം ഉദ്ഘോഷിക്കുന്ന, സാമൂഹികമായ അന്തസ്സും അഭിമാനവും ധനമാനാദികളുടെ സംരക്ഷണവും ഉറപ്പാക്കുന്ന, മതേതര ജനാധിപത്യ മൂല്യങ്ങളുടെ മേല്‍ കെട്ടിപ്പടുത്ത, നവീന ആശയസംഹിതകളെ താലോലിക്കുന്ന ശ്രേഷ്ഠമായ ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ദ്യോതിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ബാബാ സാഹെബ് അംബേദ്കറുടെയും അബുല്‍ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാരുടെ ഉയര്‍ന്ന ചിന്തകളുടെയും അവര്‍ മുറുകെ പിടിച്ച ഉദാത്തമായ മാനവിക മൂല്യങ്ങളുടെയും കൈയൊപ്പ് ചാര്‍ത്തിയ ഭരണഘടനക്ക് യോജിച്ച ഏക പേര് ഇന്ത്യ എന്നതാണ്. പുരോഗമനവാദികളായ ഉല്‍പതിഷ്ണുക്കള്‍ ഒരു ഭാഗത്തും പരമ്പരാഗത വാദികളായ തീവ്രവലതുപക്ഷം മറുഭാഗത്തും അണിനിരന്ന ആശയ പോരാട്ടത്തില്‍ ഒരൊത്തുതീര്‍പ്പ് എന്ന നിലയില്‍ മാത്രമാണ് ഭരണഘടനയില്‍ ഒരിടത്ത് “ഭാരതം’ എന്ന് കുറിച്ചിട്ടത്. മറ്റ് അനുഛേദങ്ങളിലെല്ലാം ഇന്ത്യയാണ് ആധിപത്യമുറപ്പിച്ചത്. ആര്‍ എസ് എസും ഹിന്ദു മഹാസഭയും മറ്റ് വര്‍ഗീയ-വിഭാഗീയ ചിന്താഗതിക്കാരും ഇതില്‍ അതീവ കുണ്ഠിതരായിരുന്നു. ഭരണഘടനയെയോ ദേശീയ പതാകയെയോ അംഗീകരിക്കാന്‍ നാഗ്പൂര്‍ സംഘം തയ്യാറാകാതിരുന്നത് അതുകൊണ്ടാണ്. രാജ്യം വിഭജിക്കപ്പെട്ടിട്ടും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ കഴിയാത്തതിലുള്ള പകരം വീട്ടാന്‍ മഹാത്മജിയുടെ കഥ കഴിക്കുന്നതിന് ഇക്കൂട്ടര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. 1947ല്‍ വീണുടഞ്ഞ കിനാവ് 2023ല്‍ പൂവണിയുമെന്ന ദൃഢവിശ്വാസത്തോടെയാണ് ആര്‍ എസ് എസിന്റെ ഇപ്പോഴത്തെ പുറപ്പാട്. ജാതിബദ്ധവും ചാതുര്‍വര്‍ണനിഷ്ഠമായ ആചാരങ്ങളും ജീവിതക്രമവും മുന്നോട്ടുവെക്കുന്ന പൗരാണിക ഭാരതത്തിലേക്ക് 142 കോടി മനുഷ്യരെ പുനരാനയിക്കുന്ന ചടങ്ങിനാണ് നമ്മുടെ രാജ്യം സാക്ഷിയാകാന്‍ പോകുന്നത്.
നിര്‍ണായക നാളുകള്‍
രാജ്യത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് നിര്‍ണായക നാളുകളാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിയോഗ ശേഷം, ഇന്ദിരാ ഗാന്ധി അധികാരമേല്‍ക്കുകയും അവര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് കലാപം ആളിക്കത്തുകയും ചെയ്ത ഘട്ടത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഈ പ്രതിസന്ധി അതിജീവിക്കുമോ എന്ന ചോദ്യം ലോകമൊട്ടാകെ ഉയര്‍ന്നു. 1965 ഡിസംബറില്‍ സിഡ്നി മോണിംഗ് ഹെറാള്‍ഡ് എഴുതി: അങ്ങേയറ്റത്തെ ദേശീയോന്മാദത്തിലേക്ക് നയിക്കുന്ന അപകടകരമായ കൊടുങ്കാറ്റാണ് ആഞ്ഞടിക്കുന്നത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം പോലും അപകടത്തിലാകും വിധം വിഭാഗീയത പാരമ്യത്തിലെത്തുകയാണ്’. വിദ്വേഷവും വെറുപ്പും രാജ്യാന്തരീക്ഷം കീഴടക്കിയിരിക്കുകയാണ്. മണിപ്പൂരും ഹരിയാനയുമൊക്കെ വരാനിരിക്കുന്ന ആപത്തിനെ കുറിച്ചുള്ള സൂചനകളാണ്. ചൈനയിലെ പ്രധാന പത്രം ഓര്‍മിപ്പിച്ചത് അതാണ്. പേര് മാറ്റുന്നത് കൊണ്ട് എന്ത് നേടാനാണ്? രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയല്ലേ വേണ്ടത്? മോദി-അമിത് ഷാ കൂട്ടുകെട്ടിന് പരിഹരിക്കാന്‍ പറ്റുന്നതല്ല രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍. അപ്പോള്‍ സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്ടിച്ച് ജനാധിപത്യവിരുദ്ധതയുടെ ചെങ്കോലേന്താനായിരിക്കും മോദി ശ്രമിക്കുക. പുതിയ പാര്‍ലിമെന്റ് മന്ദിരം ഇനി സാക്ഷിയാകാന്‍ പോകുന്നത് ഇന്ത്യ എന്ന ആശയത്തിന്റെയും പേരിന്റെയും അന്ത്യത്തിനായിരിക്കാം. ഇങ്ങനെ പേര് മാറ്റിയതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. സിലോണ്‍ ശ്രീലങ്കയായതോടെയാണ് ഭൂരിപക്ഷ ബുദ്ധ വര്‍ഗീയത തിടം വെച്ചാടുകയും തമിഴ് ന്യൂനപക്ഷത്തിന്റെ ഉന്മൂലനത്തിന് ഭരണകൂടം നേതൃത്വം നല്‍കുകയും ചെയ്തത്. മ്യാന്‍മറായി മാറിയ ബര്‍മയില്‍ റോഹിംഗ്യന്‍ ന്യൂനപക്ഷം അനുഭവിച്ച യാതനകളും പീഡനങ്ങളും ഇന്നും തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക് ചുവടുറപ്പിക്കുന്ന സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുക രാജ്യത്തിന്റെ കുതിപ്പോ വളര്‍ച്ചയോ ആയിരിക്കില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ജാഗരൂകരായിരിക്കുക!