National
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു
ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും.
ന്യൂഡല്‍ഹി | സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ഈ മാസം 26-ന് വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജഡ്ജിയുടെ പേര് അദ്ദേഹം ശുപാർശ ചെയ്തത്.
കീഴ്‍വഴക്കമനുസരിച്ച് ഒരു ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് ഒരു മാസം മുമ്പ് അടുത്ത ജഡ്ജിയെ ശുപാർശ ചെയ്യണം. എന്നാൽ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇത് പാലിച്ചിരുന്നില്ല. ഇതോടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നിലവിലെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗികമായി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കീഴ്വഴക്കം രണ്ട് തവണ അത് പാലിക്കപ്പെട്ടിട്ടില്ല. ജസ്റ്റിസ് എഎൻ റേയെ 1973 ഏപ്രിൽ 25 ന് ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാരെ മറികടന്ന് ചീഫ് ജസ്റ്റിസായി നിയമിച്ചതും ജസ്റ്റിസ് എച്ച്ആർ ഖന്നയെ മറികടന്ന് ജസ്റ്റിസ് എംഎച്ച് ബെഗിനെ 1977 ജനുവരി 29 ന് ചീഫ് ജസ്റ്റിസായി നിയമിച്ചതുമാണ് കിഴ്‍വഴക്കം ലംഘിച്ചത്.
ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും.
1957 നവംബർ 9 നാണ് ജസ്റ്റിസ് ലളിതിന്റെ ജനനം. 1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും 1986 ജനുവരിയിൽ പ്രാക്ടീസ് ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തു. 2004 ഏപ്രിലിൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി എത്തുകയും നിരവധി പ്രധാന കേസുകളിൽ അമിക്കസ് ക്യൂറിയായി ഹാജരാകുകയും ചെയ്തു. 2014 ഓഗസ്റ്റ് 13 ന് അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതനായി.