National
രാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളില്‍; 21ാം നൂറ്റാണ്ട് ഇന്ത്യയുടേത്: പ്രധാന മന്ത്രി
'കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനമാണ് ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.'

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണെന്നും യുവജനതയിലാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാന മന്ത്രി കൊച്ചിയില്‍ ബി ജെ പി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു.
കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതായി മോദി പറഞ്ഞു. അതുകൊണ്ടു തന്നെ കേരളത്തില്‍ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. വിവിധ യോഗങ്ങളുടെ നടത്തിപ്പില്‍ കേരളത്തിന്റെ പ്രൊഫഷണലിസത്തെ മോദി അഭിനന്ദിച്ചു.
ആദി ശങ്കരനെയും ശ്രീനാരായണ ഗുരുവിനെയും പ്രധാന മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നമ്പി നാരായണന്‍ യുവാക്കള്‍ക്ക് പ്രചോദനമാണ്. കെ കേളപ്പന്‍, അക്കാമ്മ ചെറിയാന്‍, കെ കുമാരന്‍ എന്നിവര്‍ കേരളീയ യുവതയെ സ്വാധീനിച്ചു.
പ്രസംഗത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാന മന്ത്രി എണ്ണിയെണ്ണി പറഞ്ഞു. 21ാം നൂറ്റാണ്ട് നമ്മുടേതാണ്. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനമാണ് ബി ജെ പി നടപ്പിലാക്കുന്നത്. പുത്തന്‍ അവസരങ്ങളാണ് യുവാക്കള്‍ക്ക് ബി ജെ പി സര്‍ക്കാര്‍ നല്‍കുന്നത്. കൃത്യമായ നയരൂപവത്കരണത്തിലൂടെ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാനായി. ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ഇന്ത്യ ലോകത്തെ മാറ്റിമറിക്കുമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ബഹിരാകാശ മേഖലയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കി. മത്സ്യബന്ധന മേഖലക്ക് ഊന്നല്‍ നല്‍കി. സായുധ സേനാ പരീക്ഷ മലയാളത്തില്‍ എഴുതാമെന്നും പ്രധാന മന്ത്രി പറഞ്ഞു.
അമൃത കാലത്തേക്കുള്ള യാത്രയിലാണ് രാജ്യം. സര്‍ക്കാര്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കി. കൊവിഡ് കാലത്ത് സൗജന്യ റേഷന്‍ നല്‍കി. സൗജന്യ വാക്‌സിന്‍ വിതരണം ചെയ്തു.
കേരള സര്‍ക്കാരിനെ പ്രധാന മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് പദ്ധതികള്‍ യുവാക്കളില്‍ എത്തുന്നില്ല. തൊഴില്‍ സൃഷ്ടിയില്‍ കേരളത്തിന് ശ്രദ്ധയില്ല. ചെറുപ്പക്കാരെ കുരുതി കൊടുക്കുന്ന അവസ്ഥയാണ്.
കോണ്‍ഗ്രസിനും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനുമെതിരെയും പ്രധാന മന്ത്രി പരാമര്‍ശങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്നത് ആശയ സംഘര്‍ഷമാണ്. ഒരുവശത്ത് സ്വജനപക്ഷപാതമാണെങ്കില്‍ മറുവശത്ത് കുടുംബവാഴ്ചയാണെന്നും മോദി പറഞ്ഞു.