Connect with us

National

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് രാംഫുള്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിഗംബോധില്‍ എത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. സംസ്‌കാരം പൂര്‍ണ സൈനിക ബഹുമതികളോടെ നടന്നു. യമുനാ തീരത്തെ നിഗംബോധ് ഘട്ടിലാണ് സംസ്‌കാരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ല, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ തുടങ്ങി പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിങിന് രാജ്യം വിട നില്‍കിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് രാംഫുള്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിഗംബോധില്‍ എത്തി.

രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നിന്ന് എഐസിസി ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഒന്നരമണിക്കൂര്‍ അവിടെ പൊതുദര്‍ശനം നടത്തി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയാണുണ്ടായത്. മന്‍മോഹന്‍ സിങ് അമര്‍ രഹേ എന്ന മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.  പൊതുദര്‍ശനത്തിനുശേഷം സൈനിക ട്രക്കില്‍ വിലാപയാത്രയായി പതിനൊന്ന് മണിയോടെയാണ് മൃതദേഹം നിഗംബോധ് ഘട്ടില്‍ എത്തിച്ചത്. രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തില്‍ വിലാപ യാത്രയെ അനുഗമിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. വ്യാഴാഴ്ച രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍വച്ച് അദ്ദേഹം അന്തരിച്ചത്. പി വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

 

 

Latest