SSF Sahithyotsav 2021
നക്സൽ പ്രസ്ഥാനങ്ങൾ അന്നത്തെ ശരിയായിരുന്നു: സന്തോഷ് ഏച്ചിക്കാനം
എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന കഥ കാലം കാഴ്ചപ്പാടുകൾ സെഷനിൽ മുഹമ്മദലി കിനാലൂരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് | കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ അതിന്റെ ചരിത്രപരതയിൽ പരിശോധിക്കുമ്പോൾ അക്കാലത്തെ ശരിയായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന കഥ കാലം കാഴ്ചപ്പാടുകൾ സെഷനിൽ മുഹമ്മദലി കിനാലൂരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്സൽ പ്രസ്ഥാനങ്ങളുടെ മാർഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം നല്ലതായിരുന്നു. നിഷ്ഠൂര പ്രവൃത്തികൾ നടത്തിയിരുന്ന ജൻമികളോടും മറ്റുമുള്ള നക്സലുകളുടെ സമീപനം തെറ്റായിരുന്നുവെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാൽ അത് അന്നത്തെ ശരിയായിരുന്നു. ഇന്ന് നമ്മൾ വെച്ച് പുലർത്തുന്ന ഐഡിയോളജി നാളത്തെ തെറ്റാകാം അത് പോലെയാണ് നാം ഇതിനെയും കാണേണ്ടത്, അതുകൊണ്ട് നക്സൽ പ്രസ്ഥാനം പൂർണമായും തെറ്റെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടു കൂടി അതിനു വേണ്ടി രൂപവത്കരിക്കപ്പെട്ട കോൺഗ്രസിന്റെ ദൗത്യം കഴിഞ്ഞുവെന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി തന്നെ കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞത്. അപ്പോഴും ചിലർ കോൺഗ്രസിന്റെ ആവശ്യകത അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. അതിൽ തന്നെ ഒരു വിഭാഗം സ്വാതന്ത്ര്യം മാത്രമേ കിട്ടിയിട്ടുള്ളൂ കുടിയാൻമാരുടെയും, സാധാരണ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണെന്ന് മനസ്സിലാക്കി അത് കോൺഗ്രസിന് പരിഹരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടാക്കി. കമ്യൂണിസ്റ്റുകൾക്കും സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് നക്സൽ പ്രസ്ഥാനങ്ങൾ വരുന്നത്. ജൻമി കുടിയാൻ പ്രശ്നങ്ങൾ കുറേയൊക്കെ കമ്യൂണിസ്റ്റുകൾ പരിഹരിച്ചുവെങ്കിലും ആദിവാസി പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അവർക്ക് സാധിച്ചില്ല. ആ വിടവിലേക്കാണ് നക്സൽ പ്രസ്ഥാനങ്ങൾ കടന്നുകയറിയത്. വർഗ ശത്രുവിനെ ഉൻമൂലനം ചെയ്താലാണ് സമാധാനം കൈവരിക എന്ന് വിശ്വസിച്ച ഈ ഐഡിയോളജി ഒരു രാഷ്ട്രീയ സ്വപ്നാടനമായിരുന്നു.