National
നീറ്റ് വിവാദം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടും
ന്യൂഡല്‍ഹി | നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തില്‍ വെള്ളിയാഴ്ച അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിനകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുമെന്നും നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നതടക്കം പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നീറ്റ്, യുജിസി, നെറ്റ്, സിഎസ്ഐആര്‍ യുജിസി-നെറ്റ്, നീറ്റ് പിജി പരീക്ഷകള്‍ റദ്ദാക്കല്‍ എന്നിവയിലെ ക്രമക്കേട് ആരോപണത്തില്‍ സര്‍ക്കാര്‍ വിമര്‍ശനത്തിന് വിധേയരാണെന്നും ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞിരുന്നു.