Connect with us

Uae

കടല്‍ കടന്നെത്തിയ നെഹ്‌റു ട്രോഫി വള്ളംകളി ഇമാറാത്തിന് ഉത്സവമായി

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആവേശവും ആനന്ദവും ആഹ്ലാദവും പകര്‍ന്ന ജലോത്സവം വീക്ഷിക്കാന്‍   തിങ്ങിനിറഞ്ഞ റാസ് അല്‍ ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലേക്ക് പതിനായിരത്തിലധികം കായിക പ്രേമികളാണ് ഒഴുകിയെത്തിയത്.  

Published

|

Last Updated

റാസ് അല്‍ ഖൈമ | വള്ളുവനാടന്‍ വഞ്ചിപ്പാട്ടിന്റെയും വള്ളപ്പാട്ടിന്റെയും ആരവങ്ങളുയര്‍ത്തി കടല്‍ കടന്നെത്തിയ  രണ്ടാമത്  നെഹ്‌റു ട്രോഫി വള്ളംകളി ഇമാറാത്തിന് ഉത്സവമായി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആവേശവും ആനന്ദവും ആഹ്ലാദവും പകര്‍ന്ന ജലോത്സവം വീക്ഷിക്കാന്‍   തിങ്ങിനിറഞ്ഞ റാസ് അല്‍ ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലേക്ക് പതിനായിരത്തിലധികം കായിക പ്രേമികളാണ് ഒഴുകിയെത്തിയത്.

റാസ് അല്‍ ഖൈമ ഇന്റര്‍നാഷ്ണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, ദി ബ്രൂ മീഡിയയും മറ്റ് സംഘടനകളും സംയുക്തമായാണ് വള്ളംകളി സംഘടിപ്പിച്ചത്. 8 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായി. സെന്റ് ജോര്‍ജ് ചുണ്ടന്‍ രണ്ടാം സ്ഥാനവും പായിപാടന്‍ ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച മത്സരത്തോടൊപ്പം കൈരളിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വടംവലി മത്സരം, 33 കലാകാരന്‍മാര്‍ പങ്കെടുത്ത ആട്ടം കലാസമിതി, ചെമ്മീന്‍ ബാന്‍ഡ് എന്നിവരുടെ രണ്ടര മണിക്കൂര്‍ നീണ്ട ചെണ്ട മേളം കലാവിരുന്നും ഗായകന്‍ നിഖില്‍ മാത്യുവിന്റെ സംഗീത സന്ധ്യയും  വള്ളംകളി മത്സരത്തിന് അവിസ്മരണീയ കാഴ്ചയായി മാറി. വടംവലി മത്സരത്തില്‍ സ്റ്റാര്‍ അലൈന്‍ ഒന്നാം സ്ഥാനവും റാസ് അല്‍ ഖൈമ പ്രവാസി ഫോറം രണ്ടാം സ്ഥാനവും നേടി.

കൂടാതെ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് റാസ് അല്‍ ഖൈമ അറബ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കാര്‍ ആന്റ് ബൈക്ക് ഷോയും ശ്രദ്ധേയമായി. ഒപ്പം വിവിധ സംഘടനകളുടെ ഘോഷയാത്രയും ജലോത്സവത്തിന് മാറ്റ് കൂട്ടി. റാസ് അല്‍ ഖൈമ ഗവണ്‍മെന്റ്, കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ ചടങ്ങില്‍ ശൈഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യ അതിഥി ആയിരുന്നു. കൂടാതെ മറ്റ് ഗവണ്‍മെന്റ് വകുപ്പിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് ഇടവേളക്ക് ശേഷം നടത്തിയ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പ്രതീക്ഷക്കപ്പുറം ഒഴുകിയെത്തിയ ജനപങ്കാളിത്തം കൈരളിയുടെ സാംസ്‌കാരിക ആവേശം വിളിച്ചോതുന്നതായിരുന്നുവെന്ന് വിവിധ സംഘാടക പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വള്ളംകളിയെ ഏറെ സ്‌നേഹിക്കുന്ന യുഎഇ പൗരന്‍ എന്ന നിലയില്‍ മലയാളികളുടെ താളപെരുമ ചെണ്ടമേളം 33 കലാകാരന്‍മാരുടെ അകമ്പടിയോടെ പ്രവാസികള്‍ക്ക് മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് റാക് ഇന്റര്‍ നാഷ്ണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ് മാനേജിംഗ് ഡയരക്ടര്‍ മേജര്‍ ആരിഫ് അല്‍ ഹാറങ്കി പറഞ്ഞു.

റിയാസ് കാട്ടില്‍, റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് സലീം, ദി ബ്രൂ മീഡിയ സി.ഇ.ഒ മുഹമ്മദ് അമീന്‍, കെ.എം.സി.സി യുഎഇ പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ടോപ് വണ്‍ ബിസിനസ് ഗ്രൂപ്പിന്റെ പുതിയ ബിസിനസ് സംരംഭം ടോപ് ഡ്രൈവ് ലോഗോ പ്രകാശനം ഗ്രൂപ്പ് ചെയര്‍മാന്‍ സല്‍മാന്‍ അഹമദ്, മേജര്‍ ആരിഫ് അല്‍ ഹറങ്കി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. റാസ് അല്‍ ഖൈമ ശൈഖ് ഉല്‍ഘാടനം നിര്‍വഹിച്ചു. ആരിഫ് അല്‍ ഹാറങ്കി അധ്യക്ഷത വഹിച്ചു. റിയാസ് കാട്ടില്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

അന്‍വര്‍ സി ചിറക്കമ്പം

Latest