Connect with us

Kerala

വിജിലന്‍സ് വല വിരിച്ചു; കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ കുടുങ്ങി

25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാന്‍ലിയും, ഓഫീസ് അറ്റന്‍ഡന്റ് ഹസീന ബീഗവും വിജിലന്‍സ് പിടിയിലായി.

Published

|

Last Updated

പത്തനംതിട്ട | ഖര മാലിന്യ സംസ്‌കരണത്തിനായി കരാറെടുത്തയാളില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാന്‍ലിയും, ഓഫീസ് അറ്റന്‍ഡന്റ് ഹസീന ബീഗവും വിജിലന്‍സ് പിടിയിലായി. കഴിഞ്ഞ നാല് വര്‍ഷമായി മുന്‍സിപ്പാലിറ്റിയില്‍ ഖരമാലിന്യ സംസ്‌കരണത്തിനായി കരാര്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന ക്രിസ്റ്റഫറിന് ഇനി ഒരു വര്‍ഷം കൂടി മാലിന്യ സംസ്‌കരണം നടത്തുന്നതിന് അവകാശമുണ്ട്. എന്നാല്‍, കരാര്‍ തുടരുന്നതിന് നാരായണന്‍ സ്റ്റാന്‍ലി കൈക്കൂലി ചോദിക്കുകയും, അല്ലാത്തപക്ഷം മുന്‍സിപ്പാലിറ്റിയുമായുള്ള എഗ്രിമെന്റ് റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കരാറുകാരന്‍ ഈ വിവരം പത്തനംതിട്ട, വിജിലന്‍സ് യൂനിറ്റ് ഡി വൈ എസ് പി. ഹരി വിദ്യാധരനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം കെണി ഒരുക്കി ആദ്യ ഗഡുവായ 25,000 രൂപ പരാതിക്കാരനെ എല്‍പ്പിച്ചു. തുക ഇന്ന് വൈകിട്ട് അഞ്ചോടെ മുന്‍സിപ്പാലിറ്റി ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും നാരായണന്‍ സ്റ്റാന്‍ലി വാങ്ങി ഓഫീസ് അറ്റന്‍ഡന്റ് ആയ ഹസീന ബീഗത്തിനെ ഏല്‍പ്പിച്ചു. ഈ സമയത്ത് വിജിലന്‍സ് സംഘമെത്തിയ രണ്ടുപേരെയും പിടികൂടുകയായിരുന്നു.

പ്രതികളെ തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് പത്തനംതിട്ട യൂനിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരി വിദ്യാധരനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ അഷറഫ്, രാജീവ് , അനില്‍കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരിലാല്‍, ഷാജി ജോണ്‍, മണിലാല്‍, എസ് സി പി ഒമാരായ രാജീവ് കുമാര്‍, ബിജു, സി പി ഒമാരായ ജിനുമോന്‍, പ്രജീഷ്, ഗോപകുമാര്‍, കിരണ്‍, അജീര്‍, ഷാലു, രജിത്, രേഷ്മ, സി പി ഒ. ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ട്രാപ്പ് കേസുകളില്‍ വിജിലന്‍സിന് ഹാട്രിക് നേട്ടം കൈവരിക്കാന്‍ സാധിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെയും, വ്യാഴാഴ്ച കോട്ടയം ജില്ലയിലെ പനച്ചിക്കാട് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെയും, വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി സെക്രട്ടറിയെയും ഓഫീസ് അറ്റന്‍ഡന്റിനെയുമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജയകരമായ ട്രാപ്പുകള്‍ നടത്തി അഞ്ച് ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നത് ഇത് ആദ്യമായിട്ടാണ്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്നതിലോ 8592900900 എന്നതിലോ വാട്‌സ് ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ഥിച്ചു.

 

 

Latest