Business
ജിദ്ദയിലെ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ റവാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അബൂദബി/ജിദ്ദ | സഊദിയില്‍ ജിദ്ദയിലെ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ റവാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജിദ്ദ-മക്ക പ്രവിശ്യാ മേയര്‍ സാലേ അല്‍ തുര്‍ക്കി ഉദ്ഘാടനം ചെയ്തു. ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജനറല്‍ റാമെസ് അല്‍ ഗാലിബ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സഊദിയിലെ 27ാമത്തെയും ആഗോള തലത്തില്‍ 233ാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.
പ്രാദേശിക തലത്തില്‍ സംഭരിച്ച കാര്‍ഷികോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സഊദി ഉത്പന്നങ്ങളാണ് 170,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിലെ പ്രത്യേകത. തനതു പ്രാദേശിക സഊദി വിഭവങ്ങള്‍ തയാറാക്കുന്ന വനിതാ ഷെഫുമാരാണ് മറ്റൊരു പ്രത്യേകത. പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഇ ബില്‍ സംവിധാനവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ അല്‍ റവാബിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുമുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. കൊവിഡ് കാലത്തെ വെല്ലുവിളികള്‍ സഊദി ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. മക്ക, മദീന ഉള്‍പ്പെടെ ഈ വര്‍ഷാവസാനത്തോടെ അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി സഊദിയില്‍ ആരംഭിക്കും. ഇത് കൂടാതെ ഇ കൊമേഴ്‌സ് പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. സഊദിയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, സഊദി ഭരണകൂടം എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു സഊദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ റഫീഫ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.