Uae
പുതിയ വ്യക്തി നിയമം സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശം നല്‍കും
പുതിയ വ്യക്തി നിയമ പ്രകാരം മാതാപിതാക്കളെ അവഗണിക്കുകയോ പരിപാലിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും പിഴ ചുമത്തുന്നു.

ദുബൈ| ഏപ്രിലില്‍ നടപ്പില്‍ വരുന്ന പുതുക്കിയ യു എ ഇ വ്യക്തി നിയമത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിവാഹമോചനം, കുട്ടികളുടെ കസ്റ്റഡി കേസുകളില്‍ ഇത് പ്രകടമാകും. സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് യു എ ഇ സര്‍ക്കാര്‍ കുടുംബ നിയമങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള വിശാലമായ നീക്കത്തെ നിയമം പിന്തുണക്കുന്നു.
ഫെഡറല്‍ നിയമം ഇമറാത്തികളെയും പ്രവാസി മുസ്്‌ലിംകളെയും ഉള്‍ക്കൊള്ളുന്നു. കൂടാതെ സമീപ വര്‍ഷങ്ങളില്‍ പ്രാബല്യത്തില്‍ വന്ന, മുസ്്‌ലിംകളല്ലാത്തവരെ പിന്തുണക്കുന്നതിനായി രാജ്യത്തിന്റെ നിയമ ചട്ടക്കൂടില്‍ വരുത്തിയ പുരോഗമനപരമായ മാറ്റങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
മാതാക്കള്‍ക്ക് കുട്ടികളുടെ കസ്റ്റഡി അവകാശങ്ങള്‍ വര്‍ധിപ്പിക്കുന്നു. കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കസ്റ്റഡി പ്രായം 18 ആയി നീട്ടിയിട്ടുണ്ട്.
മുമ്പ്, ആണ്‍മക്കള്‍ക്ക് 11 വയസ്സ്, പെണ്‍കുട്ടികള്‍ക്ക് 13 വയസ്സ് എന്നിങ്ങനെ ആയിരുന്നു. 2022 ഡിസംബറില്‍ രാജ്യത്തെ സിവില്‍ കോടതി സംവിധാനത്തില്‍ മുസ്്‌ലിം ഇതര മാതാക്കള്‍ക്കായി നടപ്പിലാക്കിയ നിര്‍ദേശത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മാറ്റം. മുസ്്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ച മുസ്്‌ലിം അല്ലാത്ത മാതാക്കള്‍ക്കും സംരക്ഷണാവകാശ വ്യവസ്ഥകള്‍ ബാധകമാകും. നിലവിലുള്ള നിയമനിര്‍മാണത്തിലെ ഒരു പ്രധാന മാറ്റമാണിത്.
അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താന്‍ ഇത് അവര്‍ക്ക് അവസരം നല്‍കുന്നു. മുമ്പ് ഒരു മുസ്്‌ലിം ഇതര മാതാക്കള്‍ക്ക് അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണം അവകാശപ്പെടാന്‍ അവകാശമില്ല.’ ഇപ്പോള്‍ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ മാതാക്കള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.
15 വയസ്സ് തികയുമ്പോള്‍ ഏത് രക്ഷിതാവിനോടൊപ്പമാണ് താമസിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. അത് അവരുടെ ഏറ്റവും നല്ല താത്പര്യമാണെന്ന് കോടതി തീരുമാനിക്കുകയാണെങ്കില്‍ മാത്രം. ഗുരുതരമായ രോഗങ്ങളോ മാനസികവും ശാരീരികവുമായ അവസ്ഥകളോ ഉള്ള കുട്ടികള്‍ക്ക് അപവാദങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍, കോടതി മറ്റുവിധത്തില്‍ വിധിക്കാത്ത പക്ഷം സംരക്ഷണം മാതാവില്‍ തന്നെ തുടരും.
‘മാതാക്കള്‍ക്ക് വര്‍ഷത്തില്‍ ഒന്നോ അതിലധികമോ തവണ, 60 ദിവസം വരെ, അവരുടെ കുട്ടിയുമായി ഒറ്റക്ക് യാത്ര ചെയ്യാം. വൈദ്യചികിത്സ അല്ലെങ്കില്‍ മറ്റ് ന്യായീകരിക്കാവുന്ന ആവശ്യങ്ങള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഈ കാലയളവ് നീട്ടാന്‍ കഴിയും. ഈ വ്യവസ്ഥ കുട്ടിയുടെ ക്ഷേമം മുന്‍ഗണനയായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കുട്ടികളുടെ എമിറേറ്റ്സ് ഐഡികളും പാസ്‌പോര്‍ട്ടുകളും പുതിയ നിയമപ്രകാരം കര്‍ശനമായ കോടതി മേല്‍നോട്ടത്തിന് വിധേയമാണ്.
കുട്ടിയുടെ ഐഡി മാതാവ് കൈവശം വെക്കുമ്പോഴും പാസ്‌പോര്‍ട്ട് പിതാവ് കൈവശം വെക്കുമ്പോഴും, ഈ രേഖകളുടെ ദുരുപയോഗം നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് കുട്ടിയുടെ ഐ ഡി ഉപയോഗിച്ച് സമ്മതമില്ലാതെ രാജ്യം വിടുകയാണെങ്കില്‍, മറ്റേ രക്ഷിതാവിന് കോടതിയില്‍ ചോദ്യം ചെയ്യാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംരക്ഷണം
പുതിയ പേഴ്സണല്‍ സ്റ്റാറ്റസ് നിയമ പ്രകാരം, പ്രായപൂര്‍ത്തിയാകാത്തവരുമായി അനധികൃതമായി യാത്ര ചെയ്താലും മാതാപിതാക്കളെ അവഗണിച്ചാലും 100,000 ദിര്‍ഹം പിഴ വരെ ചുമത്താം. നിയമങ്ങള്‍ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുകയും കുട്ടിയുടെ രക്ഷിതാവിന്റെയോ കോടതിയുടെയോ സമ്മതമില്ലാതെ അവരുടെ സംരക്ഷണയിലുള്ള കുട്ടിയുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴകള്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. മാതാപിതാക്കളെ അവഗണിക്കുകയോ പരിപാലിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും പിഴ ചുമത്തുന്നു.