Connect with us

feature

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകക്രമം

ജന്മനാടായ ആസ്ത്രേലിയ നിരന്തരമായി നടത്തിയ നയതന്ത്ര നീക്കങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായി പുറത്തെത്തിയ ജൂലിയൻ അസാഞ്ച്, സത്യം വിളിച്ചു പറയാൻ അസാമാന്യമായ ധീരത കാണിച്ച മീഡിയ ആക്ടിവിസ്റ്റും പടിഞ്ഞാറൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകക്രമം നിർണയിച്ച പോരാളിയുമാണ്.

Published

|

Last Updated

2024 ജൂൺ 27 ബുധൻ. അമേരിക്കയിലെ വെസ്റ്റേൺ പെസിഫിക് ദ്വീപിലെ സൈപാനിലുള്ള കോടതിയിലേക്കുള്ള പടികൾ കയറാൻ കാറിൽ നിന്ന് ഇറങ്ങുന്നത് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച്. മണിക്കൂറുകൾക്കുള്ളിൽ, തനിക്ക് പിന്തുണയുമായി കോടതി പരിസരത്തെത്തിയ മനുഷ്യരെ നോക്കി, ഏറെ സന്തോഷത്തോടെ കൈ മുകളിലേക്ക് വീശി, പൂർണ സ്വതന്ത്രനായി, സമീപ കാലത്ത് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ മീഡിയ ആക്ടിവിസ്റ്റ് പുറത്തേക്ക് വന്നു. മുമ്പ് കോടതിയിൽ എത്തിയപ്പോഴൊക്കെയുണ്ടായിരുന്ന അതേ സ്യൂട്ടും ടൈയും തന്നെ വേഷം. നീണ്ട വർഷങ്ങളുടെ നിയമ യുദ്ധത്തിനൊടുവിൽ സത്യത്തിന്റെ ധീരമായ ശബ്ദം ആസ്ത്രേലിയൻ എഡിറ്ററും പ്രസാധകനും ആക്ടിവിസ്റ്റുമായ ജൂലിയൻ അസാഞ്ച് ജയിൽ മോചിതനായിരിക്കുന്നു.

അമേരിക്ക- ആസ്ത്രേലിയ അതിർത്തി പങ്കിടുന്ന സൈപാനിൽ ആകാശം ഇന്ന് കൂടുതൽ തെളിഞ്ഞു വന്നിട്ടുണ്ട്. ലോകത്തുടനീളമുള്ള മാധ്യമ പ്രവർത്തകർ ഈ മലയോര പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. കോടതി വിധി പറയുന്നത് ബുധനാഴ്ച ആണെങ്കിലും തൊട്ട് തലേന്ന് തന്നെ സൈപാനിലെ എല്ലാ ഹോട്ടൽ മുറികളും നിറഞ്ഞിട്ടുണ്ട്. പ്രകൃതി മനോഹരമായ ഈ ലൊക്കേഷനിൽ ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും ചൈനയിൽ നിന്നും സാധാരണ എത്താറുള്ള ടൂറിസ്റ്റുകളല്ല ഹോട്ടലുകളിൽ നിറഞ്ഞുനിന്നത്. മറിച്ച്, അന്തർദേശീയ വാർത്താ ചാനലുകളുടെയും പത്രങ്ങളുടെയും പ്രതിനിധികൾ. ഒപ്പം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെയും ധീരമായ ഇടപെടലിന്റെയും കാവലാളായ തങ്ങളുടെ നായകനെ നേരിൽ കാണാനെത്തിയ ആക്ടിവിസ്റ്റുകളും പ്രവർത്തകരും. നീണ്ട പതിനാല് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ അൻപത്തിരണ്ടുകാരൻ സ്വതന്ത്രനായിരിക്കുന്നത്.

അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായകമായ ആയിരക്കണക്കിന് രേഖകൾ പുറത്തുവിട്ടു എന്നതായിരുന്നു ജൂലിയൻ അസാഞ്ചിനെതിരെയുള്ള കേസ്. യു എസ് ചാരവൃത്തി, ഹാക്കിംഗ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ 17 കുറ്റങ്ങൾ ചുമത്തിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യം ചെയ്ത തെറ്റായ നടപടികളും വീഴ്ചകളും വീഡിയോ ഫയലുകൾ സഹിതം വിക്കിലീക്സ് പുറം ലോകത്തെത്തിച്ചു. ജന്മനാടായ ആസ്ത്രേലിയ നിരന്തരമായി നടത്തിയ നയതന്ത്ര നീക്കങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായി പുറത്തെത്തിയ ജൂലിയൻ അസാഞ്ച്, സത്യം വിളിച്ചു പറയാൻ അസാമാന്യമായ ധീരത കാണിച്ച മീഡിയ ആക്ടിവിസ്റ്റും പടിഞ്ഞാറൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകക്രമം നിർണയിച്ച പോരാളിയുമാണ്.

മോചനത്തിന്റെ രാഷ്ട്രീയം

അസാഞ്ചിനെ വിട്ടയച്ചതിന് ശേഷം വിക്കിലീക്സ് സ്ഥാപകന്റെ അഭിഭാഷകൻ ആദ്യം നന്ദി അറിയിച്ചത് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനാണ്. അമേരിക്കയിലും ഇക്വഡോറിലുമായി തടവിൽ കഴിഞ്ഞ അസാഞ്ചിനെ സ്വതന്ത്രനാക്കുന്നതിൽ യു എസ് അധികാരികളുമായുള്ള നയതന്ത്രപരവും തീവ്രവുമായ ലോബിയിംഗ് നടത്തിയതും നിയമ പോരാട്ടത്തിന് ചുക്കാൻ പിടിച്ചതും ആസ്ത്രേലിയൻ സർക്കാരാണ്. ഒരു ദശാബ്ദം മുമ്പ്, ആസ്ത്രേലിയൻ രാഷ്ട്രീയത്തിൽ അസാഞ്ചിന്റെ കേസ് പിന്തുണക്കാൻ ഇച്ഛാശക്തിയുള്ള ആരുമുണ്ടായിരുന്നില്ല. എന്നാൽ 2023ൽ രാഷ്ട്രീയ സാഹചര്യം മാറുകയും നിരവധി നിയമനിർമാതാക്കളും ജനപ്രതിനിധികളും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാനുള്ള പ്രചാരണത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. അതോടെ കാര്യങ്ങൾ മാറി. ഈ വർഷം ഫെബ്രുവരിയിൽ അസാഞ്ചിന്റെ മോചനം ആവശ്യപ്പെടുന്ന പാർലിമെന്ററി പ്രമേയം ആസ്ത്രേലിയ പാസാക്കി. ഈ പ്രമേയത്തിന്റെ മേൽ മികച്ച രാഷ്ട്രീയ നീക്കങ്ങൾ നടത്താനും ആസ്ത്രേലിയ ശ്രദ്ധിച്ചു.

നിയമ നിർമാതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ബാർണബി ജോയ്‌സ് പ്രമേയം ലോബീയിംഗ് ചെയ്യാനായി വാഷിംഗ്ടണിലേക്ക് പോയി. നിരവധി തവണ നയതന്ത്ര ചർച്ചകൾ നടത്തി. അമേരിക്കയുമായുള്ള ആസ്ത്രേലിയയുടെ സുരക്ഷാ സഖ്യത്തിന്റെ പിൻബലത്തിലായിരുന്നു ഇത്. അസാഞ്ചിന്റെ മോചനം എന്ന ആവശ്യം മുൻനിർത്തി സമാന്തരമായി ബ്രിട്ടനുമായും ആശയവിനിമയം നടത്തി. അസാഞ്ചിന് ആശ്വാസമായി 2021 ജനുവരിയിൽ ബ്രിട്ടീഷ് കോടതിയിലെ ഷാഡോ അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസ് ഇത് അനീതിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു. 2022 മെയ് മാസത്തിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ ജൂലിയൻ അസാഞ്ചിന് നയതന്ത്ര പിന്തുണ വർധിച്ചു. ആ വർഷം അവസാനം, ജനപ്രതിനിധിസഭയിൽ പ്രധാനമന്ത്രി അൽബാനീസ് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

2012 ന് ശേഷം ആദ്യമായായിരുന്നു ഒരു പ്രധാനമന്ത്രി അസാഞ്ചിന്റെ മോചനം ആവശ്യമാണെന്ന് പാർലിമെന്റിൽ പറയുന്നത്. ഈ വിഷയത്തിൽ ഒരു നിഗമനത്തിലെത്തേണ്ട സമയമാണിതെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ, യു എസ് ഉദ്യോഗസ്ഥർ അസാഞ്ചിനെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിച്ചു. യു എസ് ആശങ്കകൾ ആസ്ത്രേലിയ മനസ്സിലാക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. എന്നിരുന്നാലും ഒരു മാസത്തിനുശേഷം, ആസ്ത്രേലിയയിലെ യു എസ് അംബാസഡർ കരോലിൻ കെന്നഡി ഒരു കരാർ സാധ്യമാണെന്ന് പറഞ്ഞു. അസാഞ്ചിന്റെ മോചനത്തെക്കുറിച്ച് സംസാരിക്കാൻ അമേരിക്കയിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് ജനപ്രതിനിധികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് ആസ്ത്രേലിയ ക്രോസ്-പാർട്ടി പ്രതിനിധി സംഘത്തെ കഴിഞ്ഞ സെപ്തംബറിൽ വാഷിംഗ്ടണിലേക്ക് അയക്കുകയും ചെയ്തു.

ഈ വിഷയത്തിൽ ബൈഡൻ സർക്കാർ നേരത്തെ എടുത്തിരുന്ന കടുത്ത നിലപാടുകൾക്ക് അതോടെ അയവുവന്നു. അസാഞ്ചിന്റെ പ്രോസിക്യൂഷൻ അവസാനിപ്പിക്കാനുള്ള ആസ്ത്രേലിയയുടെ അഭ്യർഥനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ “ഞങ്ങൾ അത് പരിഗണിക്കുന്നു’ എന്ന് ജോ ബൈഡൻ പ്രതികരിക്കുകയും ചെയ്തു. തന്നെ കൈമാറുന്നതിനെതിരെ അപ്പീൽ നൽകാൻ അസാഞ്ചിനെ അനുവദിച്ചുകൊണ്ടുള്ള ലണ്ടൻ ഹൈക്കോടതിയുടെ മെയ് മാസത്തെ തീരുമാനമാണ്, അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ലയുടെ അഭിപ്രായത്തിൽ, ഒരു മോചന ഹരജി ഫയൽ ചെയ്ത് പ്രോസിക്യൂഷൻ ആരംഭിക്കാനുള്ള നീക്കത്തിന് വഴിത്തിരിവായത്.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് നീതിന്യായ വകുപ്പ് വീണ്ടും ഇടപെടുകയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി വളരെ തീവ്രമായ ചർച്ചകൾ നടക്കുകയും ചെയ്യുന്നത് വരെ ഞങ്ങൾ ഒരു തരത്തിലും മോചനം വിശ്വസിച്ചിരുന്നില്ലെന്ന് അസാഞ്ചിന്റെ യു എസ് അഭിഭാഷകൻ ബാരി പൊള്ളാക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. അസാഞ്ചിനെ കൊണ്ടുവരാനുള്ള വിമാനത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പൊതുജനങ്ങളുടെ സഹകരണത്തോടെ നടന്നു. ആസ്ത്രേലിയക്ക് പുറമേ വിവിധ രാഷ്ട്രങ്ങളിൽ അസാഞ്ചിന്റെ മോചനമാവശ്യപ്പെട്ട് മുന്നിട്ടിറങ്ങിയ ആക്ടിവിസ്റ്റുകൾ പ്രധാനമായും ധനസമാഹരണത്തിന് ചുക്കാൻ പിടിച്ചു. 5,20,000 ഡോളർ ആയിരുന്നു ആവശ്യമുണ്ടായിരുന്നത്.

അസാഞ്ചിന്റെ ഭാവിനീക്കങ്ങൾ

ജയിൽമോചിതനായ ജൂലിയൻ അസാഞ്ച് തന്റെ ജന്മനാടായ ആസ്ത്രേലിയയിൽ എത്തി. ഭാവി നീക്കങ്ങളെക്കുറിച്ച് പറയാൻ ഇതുവരെ അദ്ദേഹം മാധ്യമ പ്രവർത്തകരെ കണ്ടിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാവലാളായി, കൂടുതൽ മികച്ച ഇടപെടലുകൾ ധീരമായി നടത്താൻ ജൂലിയൻ അസാഞ്ച് ഇനിയും ഇവിടെയുണ്ടാകും എന്നാണ് ലോകത്തുടനീളമുള്ള ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്. “തീർച്ചയായും വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും. മാധ്യമ സ്വാതന്ത്ര്യത്തിനും സുതാര്യമായ ഭരണത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ജൂലിയൻ അസാഞ്ച് ഇനിയും നന്നായി പ്രവർത്തിക്കുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം’ – അദ്ദേഹത്തിന്റെ അഭിഭാഷകൻ ബാരി പൊള്ളാക്കിന്റെ വാക്കുകളാണിത്.

Chief Creative Director at Epistemic Breaks

Latest