Kerala
കേരളപ്പെരുമ പരത്തുന്ന സാഹിത്യകൃതികള്‍ പരിചയപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്
വൈക്കം മുഹമ്മദ് ബശീറിന്റെയും എം ടി വാസുദേവന്‍ നായരുടെയും സക്കറിയയുടെടെയും അടക്കമുള്ള പുസ്തകങ്ങളാണ് പരമ്പരയില്‍ അമേരിക്കന്‍ എഴുത്തുകാരൻ നിര്‍ദേശിക്കുന്നത്
തിരുവനന്തപുരം| സമ്പന്നമായ ചരിത്രത്താലും പ്രകൃതി വൈവിധ്യങ്ങളാലും പ്രശസ്തമായ കേരളത്തിന്റെ പെരുമ വിളിച്ചോതുന്ന സാഹിത്യകൃതികള്‍ അടയാളപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും ഈ നാടിനെക്കുറിച്ച് കൂടുതലറിയാനും പ്രചോദിപ്പിക്കാനും ഉതകുന്ന പുസ്തകങ്ങളാണ് ‘റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്’ എന്ന പരമ്പരയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിക്കുന്നത്. പുസ്തകങ്ങളിലൂടെ ലോകപര്യടനം നടത്താന്‍ വായനക്കാരെയും സഞ്ചാരികളെയും സഹായിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ പരമ്പരയാണിത്.
വൈക്കം മുഹമ്മദ് ബശീറിന്റെ ‘പൂവമ്പഴം’, എം ടി വാസുദേവന്‍ നായരുടെ ‘അസുരവിത്ത്’, സക്കറിയയുടെ ‘ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും’ അടക്കമുള്ള പുസ്തകങ്ങളാണ് പരമ്പരയില്‍ അമേരിക്കന്‍ എഴുത്തുകാരനായ എബ്രഹാം വര്‍ഗീസ് നിര്‍ദേശിക്കുന്നത്.
കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരെ കാത്തിരിക്കുന്ന അതുല്യമായ പ്രകൃതി അനുഭവത്തെ വാഴ്ത്തിക്കൊണ്ടാണ് എബ്രഹാം വര്‍ഗീസ് പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ മറ്റെവിടെയെങ്കിലും നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് മറ്റൊരു രാജ്യത്ത് വന്നിറങ്ങിയതായി അനുഭവപ്പെടുമെന്നും അതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതെന്നും അദ്ദേഹം പരന്പരയില്‍ പറയുന്നു.