Kerala
നവജാത ശിശു മരിച്ചത് അണുബാധയെ തുടര്‍ന്ന്; വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
നോര്‍മല്‍ ഡെലിവറിയാണ് നടന്നത്. പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആലപ്പുഴ|ആശുപത്രിയില്‍ വച്ച് നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അണുബാധയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം.
നോര്‍മല്‍ ഡെലിവറിയാണ് നടന്നത്. പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് കുഞ്ഞിന്റെ മരണ കാരണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ലേബര്‍ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാര്‍ഡിലേക്ക് മാറ്റിയതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 ഓടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.