Connect with us

Kerala

കിണറ്റില്‍ വീണ കാറില്‍ നിന്ന് നവ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒന്നരമാസം മുമ്പ് വിവാഹിതരയ കൊട്ടാരക്കര സ്വദേശികളായ അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

Published

|

Last Updated

കൊച്ചി | കിണറ്റില്‍ വീണ കാറില്‍ നിന്ന് നവ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച കാറില്‍ നിന്ന് ദമ്പതികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഒന്നരമാസം മുമ്പ് വിവാഹിതരയ കൊട്ടാരക്കര സ്വദേശികളായ അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡ് പ്രവൃത്തി നടക്കുന്ന ചാക്കപ്പന്‍ കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ സമീപത്തെ കിണറിന്റെ ആള്‍മറ തകര്‍ത്ത് കാര്‍ തലകുത്തനെ വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആദ്യം ഓടിയെത്തിയത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്സ് ഇവരെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്തു. അതിലൂടെയാണ് ദമ്പതികളെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് തലയടിച്ചുള്ള അപകടം ഒഴിവായത്.

കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്. മഴ പെയ്ത് കൊണ്ടിരിക്കെ പണി നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാന്‍ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ടതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവര്‍ത്തിച്ചതും അഗ്നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികള്‍ക്ക് പുതുജീവന്‍ ലഭിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.