editorial
അടുത്ത ലക്ഷ്യം വഖ്ഫ് സ്വത്തുക്കള്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശതകോടികള്‍ വിലവരുന്ന വഖ്ഫ് സ്വത്തുക്കള്‍ ചിലര്‍ അനധികൃതമായി കൈയടക്കി വെച്ചിട്ടുണ്ട്. കൈയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും കൂടുതല്‍ കൈയേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നതാണ് പുതിയ ബില്ല്. ഇതിനെതിരെ മുസ്‌ലിം സംഘടനകളും മതേതര പ്രസ്ഥാനങ്ങളും ശക്തമായി രംഗത്തു വരേണ്ടതുണ്ട്.
മദ്‌റസകള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കുമെതിരായ നീക്കത്തിനു പിന്നാലെ വഖ്ഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താനുള്ള ശ്രമത്തിലാണ് ബി ജെ പി. ഇതിനുള്ള നിയമപരമായ അംഗീകാരം നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖ്ഫ് ഭേദഗതി ബില്ല്. വഖ്ഫ് ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുകയാണ് ഭേദഗതി ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നും ഇതൊരു ചരിത്രപരമായ നീക്കമാണെന്നുമാണ് ബി ജെ പി വൃത്തങ്ങളുടെ അവകാശവാദം. എന്നാല്‍ വഖ്ഫ് സ്വത്തിന്മേല്‍ ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ സര്‍ക്കാറിന് പുനഃപരിശോധനക്ക് അവകാശം നല്‍കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ സര്‍ക്കാറിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കുന്നു. വഖ്ഫ് കൗണ്‍സിലിലും വഖ്ഫ് ബോര്‍ഡുകളിലും ഇതര മതവിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കാനും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
സ്ഥാവര ജംഗമ വസ്തുക്കള്‍, അവയുടെ പ്രയോജനം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി വ്യക്തികള്‍ നല്‍കുന്ന ദാനമാണ് വഖ്ഫ്. ഇസ്‌ലാമിക ആത്മീയ കേന്ദ്രങ്ങളായ മസ്ജിദുകളും മദ്‌റസകളും നിര്‍മിക്കുന്നതിനു പുറമെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്കും വസ്തുക്കള്‍ വഖ്ഫ് ചെയ്യാറുണ്ട്. സമ്പത്തിന്റെ വികേന്ദ്രീകരണം വഴി ദാരിദ്ര്യനിര്‍മാര്‍ജനവും പുരോഗതിയും ഇതുവഴി സാധ്യമാകുന്നു.
ഒരു വസ്തു വഖ്ഫാക്കിക്കഴിഞ്ഞാല്‍ തരം മാറ്റാനോ, വഖ്ഫ് ചെയ്തയാള്‍ ഉദ്ദേശിച്ച ലക്ഷ്യത്തിനു പുറത്ത് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല. വഖ്ഫ് സ്വത്തുക്കളുടെ ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശരിയായ വിധം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് സ്ഥാപിതമായ സ്റ്റാറ്റ്യൂട്ടറി ബോഡികളാണ് സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലുകളും സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴിലുള്ള വഖ്ഫ് ബോര്‍ഡുകളും. 1995ല്‍ കേന്ദ്രം അംഗീകരിച്ച വഖ്ഫ് നിയമമനുസരിച്ച് ഒരു വഖ്ഫ് സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കം വന്നാല്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡിനാണ്.
ഇത് മാറ്റി തര്‍ക്കവസ്തുക്കളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്നു കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കിയ ഭേദഗതി കരട് നിയമം. ഒരു വസ്തു വഖ്ഫാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ വഖ്ഫ് ബോര്‍ഡുകള്‍ക്ക് അധികാരം നല്‍കുന്ന നിലവിലെ നിയമത്തിലെ സെക്്ഷന്‍ 40 പുതിയ ബില്ലില്‍ എടുത്തുകളഞ്ഞിട്ടുണ്ട്. പല വഖ്ഫ് സ്വത്തുക്കളിലും ഹിന്ദുത്വ സംഘടനകള്‍ അവകാശമുന്നയിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഇത്തരം തര്‍ക്ക സ്വത്തുക്കളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായി കഴിഞ്ഞാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കനുകൂലമായ തീര്‍പ്പുണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.
വഖ്ഫ് നിയമത്തില്‍ ഭേദഗതി വേണമെന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ ബില്ല് ആവിഷ്‌കരിച്ചതെന്നാണ് കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറയുന്നത്. എന്നാല്‍ 1995ലെ വഖ്ഫ് നിയമത്തില്‍ കത്തി വെക്കാനുള്ള ആവശ്യം മുസ്‌ലിം സമുദായത്തില്‍ നിന്നല്ല, ഹിന്ദുത്വരില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. തര്‍ക്ക വസ്തുക്കളില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയതിനോട് തുടക്കത്തിലേ എതിരാണ് ഹിന്ദുത്വ സംഘടനകള്‍. വഖ്ഫ് ബോര്‍ഡിന് വലിയ അധികാരം നല്‍കുന്ന 1995ലെ വഖ്ഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ട്രസ്റ്റുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനം, മതപരമായ വസ്തുദാനം എന്നിവക്ക് ഏകീകൃത നിയമം കൊണ്ടുവരണമെന്നും ഹരജിയില്‍ അശ്വിനി ഉപാധ്യായ ആവശ്യപ്പെടുകയുണ്ടായി. സുപ്രീം കോടതി ആ ഹരജി നിരസിക്കുകയായിരുന്നു. 1995ലെ വഖ്ഫ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി. എം പി ഹര്‍നാഥ് സിംഗ് കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സഭ അത് അവഗണിക്കുകയായിരുന്നു. മുസ്‌ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു അശ്വിനി ഉപാധ്യായയുടെ ഹരജിയും ഹര്‍നാഥ് സിംഗിന്റെ സ്വകാര്യ ബില്ലും. ഇത്തരക്കാരുടെ താത്പര്യമാണ് മോദി സര്‍ക്കാറിന്റെ പുതിയ വഖ്ഫ് നിയമത്തിന്റെ പിന്നില്‍.
നിലവില്‍ റെയില്‍വേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂസ്വത്തുക്കളുള്ളത് വഖ്ഫ് ബോര്‍ഡുകള്‍ക്കാണ്. രാജ്യത്തുടനീളമായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട് വഖ്ഫ് ബോര്‍ഡുകള്‍ക്ക് കീഴില്‍. മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, വിദ്യാഭ്യാസ, ഭൗതിക പുരോഗതിയില്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഒട്ടേറെ മസ്ജിദുകളുടെയും മതസ്ഥാപനങ്ങളുടെയും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുടെയും സംഘടനകളുടെയും വരുമാന സ്രോതസ്സ് വഖ്ഫ് സ്വത്തുക്കളാണ്.
ഈ സ്വത്തുക്കളുടെ അന്തിമ അവകാശം ഭരണകൂടത്തിനായിക്കഴിഞ്ഞാല്‍ വഖ്ഫ് സ്വത്തുക്കള്‍ ഒന്നൊന്നായി മുസ്‌ലിം സമുദായത്തിന് അന്യാധീനപ്പെടുകയും നിരവധി മതസ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലാകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശതകോടികള്‍ വിലവരുന്ന വഖ്ഫ് സ്വത്തുക്കള്‍ ചിലര്‍ അനധികൃതമായി കൈയടക്കി വെച്ചിട്ടുണ്ട്. ഇവ തിരിച്ചു പിടിക്കാനുള്ള നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. കൈയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും കൂടുതല്‍ കൈയേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നതാണ് പുതിയ ബില്ല്. ഇതിനെതിരെ മുസ്‌ലിം സംഘടനകളും മതേതര പ്രസ്ഥാനങ്ങളും ശക്തമായി രംഗത്തു വരേണ്ടതുണ്ട്.